തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളുടെയും ഡിജിറ്റൽ പേയ്‌മെന്റ് അടക്കമുള്ള മറ്റ് ഓൺലൈൻ സംവിധാനങ്ങളുടെയും സുരക്ഷിതമായ ഉപയോഗം സംബന്ധിച്ചു സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി സ്റ്റേ സേഫ് ക്യാമ്പയിനുമായി സംസ്ഥാന സർക്കാർ. രാജ്യം അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായാണ് സ്റ്റേ സേഫ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷാണ് സംസ്ഥാനത്ത് ‘സ്റ്റേ സേഫ് ഓൺലൈൻ’ ക്യാംപെയിനിന്റെ നോഡൽ ഓഫിസർ. സുരക്ഷിതമായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ചു പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ഇൻഫോഗ്രാഫിക്‌സ്, കാർട്ടൂണുകൾ, പസിലുകൾ, ക്വിസുകൾ, ലഘു വിഡിയോകൾ തുടങ്ങിയവ ക്യാംപെയിന്റെ ഭാഗമായി തയാറാക്കി വിപുലമായ പ്രചാരണം നൽകുന്നരീതിയിലാണ് ക്യാംപെയിൻ വിഭാവനം ചെയ്തിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ലഘു വീഡിയോകളും തയ്യാറാക്കും. എല്ലാ സംസ്ഥാനങ്ങളിലും ക്യാമ്പയിൻ നടക്കും. കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ ദേശീയ തലത്തിൽ നടത്തുന്നത്.