കര്‍ദ്ദിനാളിനെ അധിക്ഷേപിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന വാദവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി

കര്‍ദ്ദിനാളിനെ അധിക്ഷേപിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ, അത് തന്റെ പോസ്റ്റ് അല്ലെന്ന വാദവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. താന്‍ അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന വാദവുമായാണ് എം.പി രംഗത്ത് എത്തിയത്. താന്‍ കര്‍ദ്ദിനാളിനെ അധിക്ഷേപിച്ച് കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അവസാനമായി പോസ്റ്റ് ചെയ്തത് ഈസ്റ്റര്‍ ആശംസകളാണെന്നും മറിച്ച് കര്‍ദ്ദിനാളിനെതിരെ ഫേസ്ബുക്കിലൂടെ താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും കൊടിക്കുന്നില്‍ അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയെയും അനുകൂലിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിമുഖത്തില്‍ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു, അദ്ദേഹത്തെ അധിക്ഷേപിച്ച് കൊടിക്കുന്നില്‍ എം.പി ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയത്.

കേരളത്തിലെ ഇടയന്മാരെല്ലാം സുഖിച്ച് ജീവിക്കുന്നവര്‍ ആണെന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം കര്‍ദ്ദിനാളിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു. എന്നാല്‍ മിനിട്ടുകള്‍ക്കകം പോസ്റ്റ് എം.പിയുടെ ഔദ്യോഗിക പേജില്‍ നിന്നും പിന്‍വലിപ്പെട്ടു. പിന്നാലെ താന്‍ അത്തരം ഒരു പ്രതികരണം നടത്തിയിട്ടില്ലെന്ന വാദവുമായാണ് അദ്ദേഹം രംഗത്തുവരികയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ഞാന്‍ കര്‍ദ്ദിനാളിനെതിരെ നടത്തിയെന്ന പേരില്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജവും, തീര്‍ത്തും അടിസ്ഥാനരഹിതവും ആണെന്ന് വ്യക്തമാക്കട്ടെ. എന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജില്‍ നിന്ന് അവസാനമായി നല്‍കിയ പോസ്റ്റ് ഇരുപത്തിമൂന്ന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ളത് മാത്രമാണ്. എന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ഈ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്, അത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും തീര്‍ത്തും വ്യാജവും , തികച്ചും തെറ്റായതും ആണെന്നും വീണ്ടും ആവര്‍ത്തിക്കുന്നു. എന്റെ ഔദ്യോഗിക പേജില്‍ നിന്ന് വന്ന അവസാന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇവിടെ ചേര്‍ക്കുന്നു’.

എന്നാല്‍, പോസ്റ്റ് പിന്‍വലിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പുതിയ പോസ്റ്റിന്റെ കമന്റ് ബോക്സ്.