ശമ്പള വര്‍ധനവ് നടപ്പാക്കത്തിൽ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതൽ നഴ്സുമാർ പണിമുടക്കും. ദിവസ വേതനം 800ൽ നിന്ന് 1500 രൂപയാക്കണമെന്നാണ് നഴ്‌സസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. അതേസമയം,സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളിൽ 5 ഇടത്ത് വേതന വർധന 50% നടപ്പാക്കി. അമല, ജൂബിലി , വെസ്റ്റ് ഫോർട്ട് , സൺ, മലങ്കര മിഷൻ ആശുപത്രികളാണ് വേതനം കൂട്ടിയത്. ഇതോടെ ഈ ആശുപത്രികളെ സമരത്തിൽ നിന്ന് നഴ്സുമാർ ഒഴിവാക്കി.
തീവ്രപരിചരണ വിഭാഗത്തിലും നഴ്സുമാർ ജോലിയ്ക്ക് കയറില്ല. അടിയന്തര ചികിത്സയ്ക്കു രോഗികളെ മറ്റു ആശുപത്രികളില്‍ എത്തിക്കാന്‍ ആശുപത്രി കവാടത്തില്‍ യുഎന്‍എയുടെ അംഗങ്ങള്‍ ആംബുലന്‍സുമായി നിലയുറപ്പിക്കും. സ്വകാര്യ ആശുപത്രികളില്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് തുടങ്ങി. നഴ്‌സുമാരുടെ സമരം തടയാനാകില്ലെന്ന് ഇന്നലെ കേരള ഹൈക്കോടതി നിലപാടെടുത്തിരുന്നു. 72 മണിക്കൂർ സമ്പൂർണ സമരമാണ് നഴ്സുമാരുടെ സംഘടനയായ യുഎൻഎ ആഹ്വാനം ചെയ്തത്.