മന്ത്രി ആര്‍ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

മന്ത്രി ആര്‍ ബിന്ദുവിന്റ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിലെ തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് വിധിന്യായത്തില്‍ വ്യക്തമാക്കി.

പ്രൊഫസര്‍ അല്ലാതിരുന്നിട്ടും പ്രൊഫസര്‍ ആര്‍ ബിന്ദു എന്ന പേരിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇലക്ഷന്‍ പ്രചാരണം നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടിയെന്നും ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. മന്ത്രി ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നാണ് ആര്‍ ബിന്ദു നിയമസഭയിലേക്ക് വിജയിച്ചത്.