ട്വിറ്ററിൽ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സബ്സ്ക്രിപ്ഷൻ എടുക്കാത്തവരുടെ അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇതോടെ, ആഗോള തലത്തിൽ നിരവധി പ്രമുഖരുടെ അക്കൗണ്ടുകളിൽ നിന്നും ബ്ലൂ ബാഡ്ജ് അപ്രത്യക്ഷമാവുകയായിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് ശേഷം പ്രമുഖരുടെ അക്കൗണ്ടുകൾക്ക് ബ്ലൂ ചെക്ക് മാർക്കുകൾ തിരികെ നൽകിയിരിക്കുകയാണ് ട്വിറ്റർ.
പണം അടച്ചാൽ മാത്രമാണ് അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് ലഭിക്കുകയുള്ളൂ എന്ന് ട്വിറ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ഷാരൂഖാൻ, സൽമാൻ ഖാൻ, അമിതാബച്ചൻ, രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി ഇന്ത്യൻ പ്രമുഖർക്ക് ബ്ലൂ ബാഡ്ജ് നഷ്ടമായി. നിലവിൽ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ അക്കൗണ്ടുകളിൽ ബ്ലൂ ബാഡ്ജ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ബ്ലൂ ടിക്ക് ലഭിച്ച അക്കൗണ്ടുകൾ പണം നൽകിയിട്ടുണ്ടോ, ഇല്ലയോ എന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം, ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബ്ലൂ ടിക്ക് തിരികെ ലഭിച്ചുവെന്നും, എന്നാൽ താൻ പണം നൽകിയിട്ടില്ലെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.