ശബരിമലയിലെ വഴിപാടുകൾ വെർച്വൽ ക്യൂ പ്ലാറ്റ്ഫോം മുഖാന്തരം ഓൺലൈനിൽ ബുക്ക് ചെയ്യാൻ അവസരം ഒരുക്കുന്നു. മൂന്ന് മാസത്തിനകം ഓൺലൈൻ ബുക്കിംഗ് സംവിധാനം വികസിപ്പിച്ചെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ, വഴിപാട് നിരക്കുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തേണ്ടതാണ്. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശം അറിയിച്ചത്.
അടുത്തിടെ ശബരിമലയിൽ കളഭാഭിഷേകവും, തങ്ക അങ്കിചാർത്തും ബുക്ക് ചെയ്തു നൽകാമെന്ന് പറഞ്ഞ് തമിഴ്നാട് തിരുവള്ളൂർ സ്വദേശിയിൽ നിന്ന് 1.60 ലക്ഷം രൂപ കോയമ്പത്തൂർ സ്വദേശിയായ മണികണ്ഠൻ തട്ടിയെടുത്തിരുന്നു. കളഭാഭിഷേകത്തിൽ 38,400 രൂപയും തങ്ക അങ്കിചാർത്തിന് 15,000 രൂപയുമാണ് ചെലവ്. എന്നാൽ, ഭീമമായ തുകയാണ് മണികണ്ഠൻ തട്ടിയെടുത്തത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വെർച്വൽ ക്യൂ പ്ലാറ്റ്ഫോം വഴി ഓൺലൈനായി ബുക്ക് ചെയ്യാനുള്ള അവസരം നൽകുന്നത്. ശബരിമല പ്രത്യേക സുരക്ഷിത മേഖലയായിട്ടും, മണികണ്ഠനെ പോലെയുള്ളവർ തട്ടിപ്പുകൾ വ്യാപകമായി നടത്തുന്നത് ഗൗരവമേറിയ സംഭവമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.