ചിന്നക്കനാലില്‍ നിന്നും കുടിയൊഴിപ്പിച്ച് പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പനെക്കുറിച്ച് വിവരമില്ല. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ല. ഇതോടെ അരിക്കൊമ്പന്‍ എവിടെയുണ്ടെന്നു അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് വനംവകുപ്പ്. ഇന്നലെ പുലർച്ചെയ്ക്ക് ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. പെരിയാറില്‍ സന്യാസിയോടയിലാണ് കൊമ്പനെ തുറന്നുവിട്ടത്.
ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വകുപ്പ് കണക്കുകൂട്ടുന്നു. അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് 5 കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ എത്തിയിട്ടുണ്ട്. ആനയെ ഇറക്കിവിട്ട സന്യാസിയോടയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് സിഗ്നല്‍ വ്യക്തമാക്കുന്നത്. കൊമ്പന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. ഇതേസമയം അരിക്കൊമ്പന്റെ നീക്കങ്ങൾ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷിക്കുന്നുണ്ട്.