തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയിലെ അനിശ്ചിതത്വം: കേന്ദ്ര നഗരകാര്യ മന്ത്രിയുമായി ചർച്ച നടത്തി കൃഷ്ണകുമാർ
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിത്വത്തിന് പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ച് ബിജെപി നേതാവും പാർട്ടി ദേശിയ കൗൺസിൽ അംഗവുമായ ചലച്ചിത്ര താരം കൃഷ്ണകുമാർ കേന്ദ്ര ഭാവന നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പൂരിയെ കണ്ടു നിവേദനം സമർപ്പിച്ചു. ഒരു പതിറ്റാണ്ടിലേറെയായി ചർച്ചകളും ആലോചനകളൂം പഠനങ്ങളും നടത്തിയിട്ടും നിർദ്ദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി അനിശ്ചിതത്വത്തിൽ തുടരുന്നതായി കൃഷ്ണകുമാർ മന്ത്രിയെ അറിയിച്ചു. പദ്ധതി നടപ്പിലാകാതിരിക്കാൻ മനപ്പൂർവം കാര്യങ്ങൾ നീട്ടികൊണ്ടുപോകുന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പദ്ധതി നടപ്പിലാക്കാൻ ചുമതലയേൽപ്പിച്ചിട്ടുള്ള കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ) ഈയിടെ സമർപ്പിച്ച കോംപ്രീഹെൻസീവ് മൊബിലിറ്റി പ്ലാനിന്റെ ( സിഎംപി ) കരട് റിപ്പോർട്ടിൽ മെട്രോ പദ്ധതിയെ കുറിച്ചുള്ള ഒരു പരാമർശവും ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ മൊബിലിറ്റി പ്ലാനിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ തിരുവനന്തപുരത്തിന് ഏത് തരത്തിലുള്ള ഗതാഗത സംവിധാനം വേണമെന്ന് തീരുമാനമെടുക്കുകയെ ഉള്ളുവെന്നാണ് കെഎംആർഎൽ ഇപ്പോൾ പറയുന്നത്. ആഗ്ര പോലുള്ള അംഗീകരിച്ച പദ്ധതികളുള്ള നഗരങ്ങളെ പോലും മറികടന്നു ഒരു മെട്രോ പദ്ധതി സ്ഥാപിക്കുന്നതിന് ആവശ്യമായ പീക് അവർ പീക്ക് ഡയറക്ഷൻ (PHPDT) മാനദണ്ഡങ്ങൾ തിരുവനന്തപുരം പാലിക്കുണ്ടെന്നാണ് നേരത്തെ നടത്തിയിട്ടുള്ള പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം പൂർണമായി സജ്ജമാകുന്നതോടുകൂടി PHPDTയിൽ ഗണ്യമായ വർദ്ധനവ് വരുമെന്നാണ് പ്രതീക്ഷപ്പെടുന്നതെന്നും അതുകൊണ്ടു തിരുവനന്തപുരം മെട്രോ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ മുൻകൈ സ്വീകരിക്കണമെന്നും കൃഷ്ണകുമാർ മന്ത്രിയോട് അഭ്യർത്ഥിച്ചു.
കാര്യങ്ങൾ പഠിച്ചതിനു ശേഷം എത്രയും വേഗം തിരുവനന്തപുരം മെട്രോപദ്ധതി യാഥാർത്ഥ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് മന്ത്രി പുരി കൃഷ്ണകുമാറിന് ഉറപ്പു നൽകി.