‘എന്തു സംഭവിച്ചാലും എന്റെ കർത്തവ്യം തുടരും’; സുപ്രീംകോടതി വിധിക്കു ശേഷം രാഹുൽ ഗാന്ധി


‘എന്ത് സംഭവിച്ചാലും, എന്റെ കർത്തവ്യം അതേപടി തുടരും. ഇന്ത്യ എന്ന ആശയം സംരക്ഷിക്കും’. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഫെയ്സ്ബുക്കിൽ രണ്ട് വരിയിൽ ഒതുക്കിയ കുറിപ്പിൽ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കി.

ഇതിനു ശേഷം ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്ക്കൊപ്പം വാർത്താ സമ്മേളനവും രാഹുൽ ഗാന്ധി നടത്തി. അപ്പോഴും ചുരുങ്ങിയ വാക്കുകളിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

സത്യം വിജയിക്കുമെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയും അറിയിച്ചു. ഏത് സാഹചര്യത്തിലും രാജ്യത്തോടുള്ള കടമ തുടർന്നും നിർവഹിക്കും. മുന്നോട്ടുള്ള വഴികൾ സുവ്യക്തമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. സൂറത്ത് കോടി വിധിക്കെതിരെ രാഹുൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ആശ്വാസ വിധി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ എംപി സ്ഥാനം നഷ്ടമായിരുന്നു. സുപ്രീംകോടതിയുടെ അനുകൂല വിധിയോടെ രാഹുലിന്റെ അയോഗ്യത നീങ്ങി എംപി സ്ഥാനം തിരികെ ലഭിക്കും.

എം പി സ്ഥാനത്തിൽ സ്പീക്കർക്ക് തീരുമാനം എടുക്കാമെന്നും അയോഗ്യത ബാധകമല്ലാത്തിനാൽ തെരഞ്ഞെടുപ്പുകളെ നേരിടാമെന്നും ജസ്റ്റിസുമാരായ നരസിംഹ, ആർ എസ് ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

2019 ഏപ്രിലിലാണ് കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന കേസിനാസ്പദമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. ഗുജറാത്തിലെ മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു.