Siddique | ‘ഞങ്ങൾ സ്റ്റേജിൽ മിമിക്രി അവതരിപ്പിക്കുമ്പോൾ പിന്നണിയിൽ സിദ്ദിഖ് അഭിനയിക്കുകയായിരിക്കും’: ഹരിശ്രീ അശോകൻ
അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടൻ ഹരിശ്രീ അശോകൻ. സ്നേഹത്തിന്‍റെ ഹിറ്റ് മേക്കറായിരുന്നു സംവിധായകൻ സിദ്ദിഖെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. തങ്ങൾ സ്റ്റേജിൽ മിമിക്രി അവതരിപ്പിക്കുമ്പോൾ പിന്നണിയിൽ സിദ്ദിഖ് അഭിനയിക്കുകയായിരിക്കും. കലാഭവനിലും ഹരിശ്രീയിലും വെച്ച് ആത്മബന്ധമായിരുന്നു സിദ്ദിഖുമായി ഉണ്ടായിരുന്നതെന്ന് ഹരിശ്രീ അശോകൻ അനുസ്മരിച്ചു.
‘സിദ്ദിഖ്-ലാലായിരുന്നു എന്റെ റോള്‍ മോഡല്‍. അവരെ കണ്ടാണ് മിമിക്രി പഠിച്ചത്. കലാഭവനിലും ഹരിശ്രീയിലും എത്തിയപ്പോള്‍ ഭയങ്കര ഇഷ്ടമായി. ഞങ്ങള്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്ബോള്‍ പിന്നണിയില്‍ സിദ്ദിഖ് അഭിനയിക്കുകയായിരിക്കും’- ഹരിശ്രീ അശോകൻ പറഞ്ഞു.
ഏറെ ആത്മാർത്ഥതയോടെയായിരുന്നു സിദ്ദിഖ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. അവര്‍ രചന നിര്‍വഹിച്ച ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലായിരുന്നു എന്റെ തുടക്കം. മാതാപിതാക്കളെയും സഹോദരങ്ങളെയും സ്വന്തം ചിറകിനടിയില്‍ സിദ്ദിഖ് സൂക്ഷിച്ചു. എന്റെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്ബോള്‍ അദ്ദേഹത്തെ സമീപിക്കുമായിരുന്നു’- ഹരിശ്രീ അശോകൻ പറഞ്ഞു.
‘എല്ലാ കാര്യങ്ങൾക്കും അദ്ദേഹത്തിന്റെ കൈയില്‍ പരിഹാരമുണ്ടായിരുന്നു. ആശുപത്രിയില്‍ കാണാൻ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ പോകാനായില്ല. എല്ലാദിവസവും സഹോദരനെ വിളിച്ച് വിവരങ്ങള്‍ തിരക്കുമായിരുന്നു, പ്രാര്‍ഥിക്കുമായിരുന്നു. പക്ഷെ….’ ഹരിശ്രീ അശോകൻ പറഞ്ഞു.
ചൊവ്വാഴ് രാത്രി 9.15നാണ് സിദ്ദിഖിന്‍റെ മരണവിവരം പുറത്തുവന്നത്. കരൾരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാൽ രണ്ടുദിവസം മുമ്പ് ഹൃദയാഘാതം ഉണ്ടായതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. സിദ്ദിഖിന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം വൈകിട്ട് ആറ് മണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും.