മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരം അടക്കം ഒമ്പത് മത്സരങ്ങളുടെ ഷെഡ്യൂളിൽ മാറ്റം വരുത്തി. പാകിസ്ഥാന്റെ മൂന്നും ഇന്ത്യയുടെ രണ്ടും മത്സരങ്ങളടക്കം മാറ്റിയതായാണ് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി അറിയിച്ചത്. ഒക്ടോബർ 14നാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്ടോബർ 15ന് മത്സരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ 15ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാൽ മതിയായ സുരക്ഷ ഒരുക്കുന്നതിലെ പ്രയാസം ബിസിസിഐയെ അഹമ്മദാബാദ് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ-നെതർലാൻഡ് മത്സരത്തിലും മാറ്റമുണ്ട്. നവംബർ 12ന് ഉച്ചക്ക് രണ്ടിനാണ് ഈ മത്സരം നടക്കുക.
സമയക്രമം പുനഃപരിശോധിക്കാൻ ജൂലൈ 27ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു. മത്സരങ്ങൾക്കിടയിലുള്ള ഇടവേള കുറവാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ടീമുകൾ മത്സരക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടതായും ഇതിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം ഉടനുണ്ടാകുമെന്നും ജയ് ഷാ പറഞ്ഞിരുന്നു.
ഇന്ത്യ-പാക് മത്സര ദിവസം മാറ്റിയത് അന്നത്തേക്ക് യാത്രയ്ക്ക് ഒരുങ്ങിയവർക്ക് തിരിച്ചടിയാകും. പലരും വിമാന ടിക്കറ്റുകളും ഹോട്ടലുകളുമെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞു. 2019ൽ ഇരു ടീമുകളും ലോകകപ്പിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു.
പുതുക്കി നിശ്ചയിച്ച മത്സരങ്ങൾ
1. ഇംഗ്ലണ്ട്-ബംഗ്ലാദേശ്: ഒക്ടോബർ 10ന് രാവിലെ 10.30
2. പാകിസ്ഥാൻ-ശ്രീലങ്ക: ഒക്ടോബർ 10 ഉച്ചയ്ക്ക് 2
3. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക: ഒക്ടോബർ 12 രണ്ടിന്
4. ന്യൂസിലാൻഡ്-ബംഗ്ലാദേശ്: ഒക്ടോബർ 13 രണ്ടിന്
5. ഇന്ത്യ-പാകിസ്ഥാൻ: ഒക്ടോബർ 14 രണ്ടിന്
6. ഇംഗ്ലണ്ട്-അഫ്ഗാനിസ്താൻ: ഒക്ടോബർ 15 രണ്ടിന്
7. ഓസ്ട്രേലിയ-ബംഗ്ലാദേശ്: നവംബർ 11 രാവിലെ 10.30
8. ഇംഗ്ലണ്ട്-പാകിസ്ഥാൻ: നവംബർ 11ന് ഉച്ചയ്ക്ക് 2
9. ഇന്ത്യ-നെതർലാൻഡ്സ്: നവംബർ 12 ഉച്ചയ്ക്ക് 2
Summary: The mega ICC ODI World Cup match between India and Pakistan is officially rescheduled and will be played a day before now on October 14 at Narendra Modi Stadium, Ahmedabad. The International Cricket Council on Wednesday announced changes in the World Cup schedule as nine matches have been rescheduled.