30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

Siddique | സംവിധായകൻ സിദ്ദിഖിന്‍റെ ഖബറടക്കം ബുധനാഴ്ച വൈകിട്ട്

Date:


കൊച്ചി: സംവിധായകൻ സിദ്ദിഖിന്‍റെ ഖബറടക്കം ബുധനാഴ്ച വൈകിട്ട് നടക്കും. എറണാകുളം സെൻട്രൽ
ജുമാ മസ്ജിദിൽ വൈകിട്ട് ആറ് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാകും ഖബറടക്കം നടക്കുക. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദിഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ പതിനൊന്നര വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം ഉണ്ടാകും.

ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായ സിദ്ദിഖിന്‍റെ ജീവൻ നിലനിർത്തിയത് എക്മോ പിന്തുണയോടെയായിരുന്നു. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു.

1954 ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായി ജനിച്ചു. കളമശേരി സെന്‍റ് പോള്‍സ് കോളേജിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: സാജിത. സുമയ്യ, സാറ, സുകൂണ്‍ എന്നിവരാണ് മക്കള്‍.

കൊച്ചിന്‍ കലാഭവനില്‍ മിമിക്രി കലാകാരന്മാരായി തിളങ്ങിയിരുന്ന ലാലും സിദ്ധിഖും ഫാസിലിന്‍റെ ശിക്ഷണത്തിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നു. ലാലുമായി ചേര്‍ന്ന് സിദ്ധിഖ് -ലാല്‍ എന്ന പേരില്‍ അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തു. 1989ല്‍ റിലീസ് ചെയ്ത റാംജിറാവു സ്പീക്കിങ് ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ സിനിമ.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളുടെ സൃഷ്ടാക്കളായാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് അറിയപ്പെടുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, എന്നിങ്ങനെ തുടര്‍വിജയങ്ങളക്കു ശേഷം ഇരുവരും പിരിഞ്ഞു. തനിയെ 16 സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അദ്ദേഹം സംവിധായകനായി തിളങ്ങി. 2010ല്‍ ദിലീപും നയന്‍താരയും ഒന്നിച്ച് സൂപ്പര്‍ ഹിറ്റായി മാറിയ ബോഡിഗാര്‍ഡ് എന്ന ചിത്രം തമിഴില്‍ വിജയ്- അസിന്‍ കോംബോയില്‍ കാവലന്‍ എന്ന പേരിലും ബോഡിഗാര്‍ഡ് എന്ന പേരില്‍ സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ തന്നെ സിനിമ 100 കോടി ക്ലബിൽ ഇടം നേടി. മോഹന്‍ലാലിനെ നായകനാക്കി 2020 ല്‍ റിലീസ് ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related