കോടികളുടെ കിട്ടാക്കടം എഴുതിത്തള്ളി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, കിട്ടാക്കടം വീണ്ടെടുക്കാൻ സമഗ്ര നടപടിയുമായി ആർബിഐ
കഴിഞ്ഞ 9 സാമ്പത്തിക വർഷത്തിനിടെ 14.56 ലക്ഷം കോടിയിലേറെ രൂപയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2014-15 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തിക വർഷം വരെയുള്ള 14.56 ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങളാണ് എഴുതിത്തള്ളിയിരിക്കുന്നത്. ഇവയിൽ പകുതിയിലേറെയും വൻകിട വ്യവസായങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടവയാണ്. മൊത്തം 14,56,226 കോടി രൂപയിൽ വൻകിട വ്യവസായങ്ങളുടെയും സേവനങ്ങളുടെയും മാത്രം 7,40,968 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിട്ടുണ്ട്.
കിട്ടാക്കടം വീണ്ടെടുക്കുന്നതിനും, കുറയ്ക്കുന്നതിനുമായി കേന്ദ്രസർക്കാരും ആർബിഐയും സംയുക്തമായി സമഗ്ര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2018 മാർച്ച് 31 ലെ 8.96 ലക്ഷം കോടി രൂപയിൽ നിന്ന് 2023 മാർച്ച് 31 വരെ 4.28 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. നാല് വർഷം പൂർത്തിയാകുമ്പോൾ കിട്ടാക്കടങ്ങൾ റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങളും, അതത് ബാങ്കിന്റെ ബോർഡ് അംഗീകരിച്ച നയവും അനുസരിച്ച് ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ നിന്ന് നീക്കം ചെയ്യാറുണ്ട്. ബാലൻസ് ഷീറ്റ് ക്ലിയർ ചെയ്യുന്നതിനും, നികുതി ആനുകൂല്യങ്ങൾ നേടുന്നതിനുമാണ് ബാങ്കുകൾ ഇങ്ങനെ ചെയ്യുന്നത്. ബാലൻസ് ഷീറ്റിൽ നിന്ന് ഒഴിവാക്കിയാലും, കടം വാങ്ങുന്നവർ വായ്പ തിരിച്ചടക്കാൻ ബാധ്യസ്ഥരാണ്.