Devananda | ദേവനന്ദ വീണ്ടും വരുന്നു; മണിയൻപിള്ള രാജുവിന്റെ ഹൊറർ സൂപ്പർ നാച്ചുറൽ ചിത്രം ‘ഗു’വിൽ


മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഗു’. നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഹൊറർ സൂപ്പർ നാച്ചുറൽ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും.

അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് മുന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ മുന്ന എന്ന കുട്ടി അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തുന്നതോടെയാണ്
ചിത്രത്തിൻ്റെ കഥാവികസനം.

കഴിഞ്ഞ 25 വർഷക്കാലമായി തറവാട്ടിൽ മുടങ്ങിക്കിടന്ന
തെയ്യം നടത്തുന്നതിനാണ് ഇവർ തറവാട്ടിലെത്തുന്നത്. ബന്ധുക്കൾ ധാരാളമുള്ള തറവാട്ടിൽ കുട്ടികളും ഏറെയുണ്ട്. മുന്നക്ക് ഇത് ഏറെ ആശ്വാസകരമായി. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം വിശാലമായ പുരയിടങ്ങളിൽ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി. ഇതിനിടയിലാണ് ഭയപ്പെടുത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്.

ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ചിത്രം കടന്നു ചെല്ലുക.
കുട്ടികൾക്കുണ്ടാകുന്ന അനുഭവങ്ങൾക്ക് മുതിർന്നവരേക്കാൾ കുട്ടികളാണ്‌ പരിഹാരം കണ്ടെത്തുന്നത്. ഇതുകൊണ്ടു തന്നെ ചിത്രത്തെ കുട്ടികളുടെ ഹൊറർ ചിത്രമായി വിശേഷിപ്പിക്കാം. ഇവിടെ മുന്നയെ ദേവനന്ദ അവതരിപ്പിക്കുന്നു. മാളികപ്പുറത്തിനു ശേഷം ദേവനന്ദ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

മുന്നയുടെ അച്ഛൻ ബാംഗ്ളൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഐ.ടി.കമ്പനി ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ മൂലം പത്തു വർഷക്കാലമായി തറവാട്ടിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. ആ പ്രശ്നങ്ങളുടെ നിഗൂഡതകളാണ് സൂപ്പർ നാച്ചുറൽ ഹൊറർ ഫാൻ്റസിയായി അവതരിപ്പിക്കുന്നത്.

സൈജു ക്കുറുപ്പാണ് മുന്നയുടെ അച്ഛനായി വേഷമിടുന്നത്. അശ്വതി മനോഹരൻ മുന്നയുടെ അമ്മയായും അഭിനയിക്കുന്നു. കക്ഷി അമ്മിണിപ്പിള്ള, സ്വാതന്ത്ര്യം അർദ്ധരാതിയിൽ എന്നീ ചിത്രങ്ങളിലും, കേരള ക്രൈം ഫയൽ എന്ന വെബ് സീരിസിലും പ്രധാന വേഷമഭിനയിക്കുന്ന നടിയാണ് അശ്വതി മനോഹർ.

ബി.ഉണ്ണികൃഷ്ണൻ്റെ സ്മാർട്ട് സിറ്റി എന്ന ചിത്രത്തിലൂടെയാണ് സംവിധായകൻ മനുവിൻ്റെ ചലച്ചിത്ര ജീവിതത്തിനു തുടക്കമാകുന്നത്. ആ ചിത്രത്തിൽ സഹസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നന്ദൻകാവിൽ, അരുൺകുമാർ അരവിന്ദ് എന്നിവർക്കൊപ്പവും പ്രവർത്തിച്ചു കൊണ്ടാണ് മനുവിൻ്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.
പിന്നീട് ഏതാനും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തു.

“ഈ സാഹചര്യത്തിലാണ് മണിയൻപിള്ള രാജുച്ചേട്ടൻ കഥ അന്വേഷിക്കുന്നതായി അറിഞ്ഞത്. അങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ടു. ഒരു വലിയ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് ഞങ്ങൾ ഒരുമിച്ച് മാളികപ്പുറം സിനിമ കാണാനിടയായത്. അതിലെ ദേവനന്ദയുടെ പ്രകടനം ഗംഭീരമായി തോന്നി. പിന്നീട് ആ സമയത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ രോമാഞ്ചവും ഞങ്ങൾ ഒരുമിച്ചു കണ്ടു. രോമാഞ്ചത്തിൻ്റെ വിജയത്തിൻ്റെ കാരണങ്ങൾ അദ്ദേഹം തിരക്കി. ഈ രണ്ടു ചിത്രങ്ങളാണ്
പുതിയൊരു വഴിത്തിരിവിനു കാരണമായത്. ഒരു കൊച്ചു കുട്ടിയെ കേന്ദ്രമാക്കി ഒരു ഹൊറർ കഥ മനസ്സിലുണ്ടന്ന് ഞാൻ പറഞ്ഞു. അതിൻ്റെ ത്രഡ് പറഞ്ഞപ്പോൾ അത് അദ്ദേഹത്തിനേറെ ഇഷ്ടമായി.പിന്നീട് വൺ ലൈൻ പൂർത്തിയാക്കി പറഞ്ഞപ്പോൾ ഈ സിനിമ നമുക്കു ചെയ്യാമെന്നു പറയുകയായിരുന്നു,” സംവിധായകൻ പറഞ്ഞു.

ഓഗസ്റ്റ് 19ന് പട്ടാമ്പിയിലാണ് ചിത്രീകരണം തുടങ്ങുക. അതിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒരു അഭിനയക്കളരി കൊച്ചിയിൽ നടന്നു. ദേവനന്ദയടക്കം പുതുമുഖങ്ങളായ കുട്ടികളും നിരഞ്ജ് ,ലയാ സിംസൺ എന്നിവരുമാണ് ഈ റിഹേഴ്സൽ ക്യാമ്പിൽ പങ്കെടുത്തത്. ആക്റ്റിംഗ്‌ കോച്ചും കാസ്റ്റിംഗ്‌ ഡയറക്ടുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണനായിരുന്നു അഭിനയക്കളരിയിൽ പരിശീലകനായി എത്തിയത്.

ദേവനന്ദ, സൈജു ക്കുറുപ്പ് ,അശ്വതി മനോഹർ എന്നിവർക്കു പുറമേ രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻപിള്ള രാജു, നിരഞ്ജ് മണിയൻപിള്ള രാജു, കഞ്ചൻ, ലയാ സിംസൺ, എന്നിവരും പ്രമുഖരായ കുറച്ചു കുട്ടികളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്,

സംഗീതം- ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം – ചന്ദ്രകാന്ത് മാധവ്,
എഡിറ്റിംഗ്‌ – വിനയൻ എം.ജി., കലാസംവിധാനം – ത്യാഗു, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- ദിവ്യാ ജോബി, നിർമ്മാണ നിർവ്വഹണം – എസ്. മുരുകൻ, പി.ആർ.ഒ.- വാഴൂർ ജോസ്.

ആഗസ്റ്റ് 19 മുതൽ ചിത്രത്തിൻ്റെ ചിത്രീകരണം പട്ടാമ്പിയിൽ ആരംഭിക്കുന്നു.