ക്രോമിന്റെ ഈ വേർഷനുകൾ ഉപയോഗിക്കുന്നവർ അറിയാൻ! ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി


ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ, ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്തിടെ ഗൂഗിൾ ക്രോം നിരവധി തരത്തിലുള്ള പിഴവുകൾ നേരിട്ടിരുന്നു. ഈ പിഴവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് എത്രയും പെട്ടെന്ന് തന്നെ ക്രോം അപ്ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്രസർക്കാറിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ എമർജൻസി റെസ്പോൺസിവ് ടീം പങ്കുവെച്ചിട്ടുണ്ട്.

സൈബർ അതിക്രമങ്ങളായ ഡാറ്റാ ചോർച്ച, ഫിഷിംഗ്, മാൽവെയർ എന്നിവ നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്ഡേഷൻ അനിവാര്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ പ്രധാനമായും വിൻഡോസിൽ 115.0.5790.170/ .71 നും, മുൻപുളള ക്രോം പതിപ്പുകളും, ലിനക്സ്/ മാക്സ് ഒഎസുകളിൽ 115.0.5790.170 നും, മുൻപുള്ള ക്രോം പതിപ്പുകളുമാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. പഴയ വേർഷനുകളെ അപേക്ഷിച്ച് പുതിയ വേർഷനിൽ അപകട സാധ്യത വളരെ കുറവാണ്. അതിനാൽ, ഗൂഗിൾ പുതിയ അപ്ഡേറ്റ് പുറത്തിറക്കുന്ന വേളയിൽ തന്നെ ഓരോ ഉപഭോക്താവും ക്രോമും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.