തിരുവനന്തപുരം: ആറ്റിങ്ങലിൽ ആഡംബര കാറിലെത്തിയ സംഘം ഓട്ടോകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ ആക്രമിക്കുകയും ചെയ്തതായി പരാതി. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം അർദ്ധരാത്രി രണ്ടുമണികഴിഞ്ഞാണ് ആഡംബര കാറിലെത്തിയ സംഘം ഓട്ടോകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ മർദ്ധിക്കുകയും ചെയ്തത്.
മൂന്നുപേർ ഉൾപ്പെട്ട സംഘം ആഡംബര കാറിൽ എത്തുകയും സ്റ്റാൻഡിന് സമീപത്ത് കാർ പാർക്ക് ചെയ്ത ശേഷം പൂർണ്ണ നഗ്നരായി നിന്ന് മൂത്രമൊഴിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം പാർക്ക് ചെയ്തിരുന്ന ഓട്ടോകളിൽ ഒന്നിൽ കാർ കൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഓട്ടോ തൊഴിലാളികളെ അസഭ്യം പറയുകയും യാതൊരു പ്രകോപനവും കൂടാതെ കയ്യേറ്റം ചെയ്യുകയും ആയിരുന്നു.
തുടർന്ന് കാറിൽ കരുതിയിരുന്ന ഹോക്കി സ്റ്റിക്ക് പോലുള്ള തടികൊണ്ട് ഓട്ടോറിക്ഷകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അഞ്ചോളം വരുന്ന ഓട്ടോറിക്ഷകളാണ് തല്ലി തകർത്തു. ശേഷം കാറുമായി അക്രമികൾ കൊല്ലം ഭാഗത്തേക്ക് കടന്നുകളഞ്ഞു.
ഇവർ മൂന്നുപേരും മദ്യപിച്ചിരുന്നതായി ഓട്ടോ തൊഴിലാളികൾ പറയുന്നു. രാത്രി സമയങ്ങളിൽ ഓട്ടോ ഓടിക്കുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. കാലിനും നെഞ്ചിനും പരിക്കേറ്റ ബൈജു, രഞ്ജിത്ത്, സുബിൻദാസ്, റഫീഖ്, ഷിബു എന്നീ തൊഴിലാളികൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.