ഉത്തർപ്രദേശിലെ ഗോത്ര ഗ്രാമത്തിൽ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷത്തിന് ശേഷം വൈദ്യുതി


രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം യുപിയിലെ ഗോണ്ട ജില്ലയിലെ രാംഗഡ് ഗ്രാമത്തിൽ വൈദ്യുതി എത്തി. വന്തങ്കിയ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി താമസിക്കുന്ന ഗ്രാമമാണിത്. വികസനത്തിൽ രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്ര വിഭാഗമാണിത്. ഇവരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്‌നമാണ് ബുധനാഴ്ച പൂവണിഞ്ഞത്. ‘വൈദ്യുതി ലഭിക്കുകയെന്നത് ഞങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ക്ക് സ്വപ്‌നം മാത്രമായിരുന്നു. ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിച്ചു നല്‍കി, ഞങ്ങളെ മനുഷ്യരായി പരിഗണിച്ചതിന് ഗോണ്ട ജില്ലാ മജിസ്‌ട്രേറ്റിനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി അറിയിക്കുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമെടുക്കേണ്ടി വന്നു ഞങ്ങളുടെ ഗ്രാമത്തില്‍ വൈദ്യുതി എത്താന്‍’ രാംഗഡ് ഗ്രാമത്തലവന്‍ ധനിറാം പറഞ്ഞു. ‘ഗ്രാമവാസിയായ 52 വയസ്സുകാരി ഫുലദേവിയും യുപി സര്‍ക്കാരിനെ പ്രശംസിച്ചു. വൈദ്യുതി ലഭിക്കുകയെന്നത് വളരെ വലിയൊരു ആശ്വാസമാണ്. വൈകുന്നേരങ്ങളില്‍ ഗ്രാമത്തിലൂടെ സഞ്ചരിക്കുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ കാട്ടുമൃഗങ്ങളില്‍ നിന്ന് ആക്രമണം ഉണ്ടാകുമെന്ന ഭയമായിരുന്നു ഞങ്ങള്‍ക്ക്. ഇത് വളരെ വലിയൊരു മാറ്റമാണ്’ അവര്‍ പറഞ്ഞു. വനംവകുപ്പിന്റെ അപ്രോച്ച് റോഡ് മുതല്‍ രാംഗഢ് ഗ്രാമം വരെയുള്ള വഴിയാണ് ഇപ്പോള്‍ വൈദ്യുതീകരിച്ചിരിക്കുന്നത്.

വരും നാളുകളില്‍ ശേഷിക്കുന്ന ഇടങ്ങള്‍ കൂടി വൈദ്യുതീകരിക്കും’ ജില്ലാ ഭരണകൂടം അറിയിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാംഗഢ് ഗ്രാമം മുഖ്യധാരാ വികസനത്തില്‍ നിന്ന് വളരെ അകലെയായിരുന്നു. ഗോത്രഗ്രാമങ്ങളില്‍ വികസനം കൊണ്ടുവരിക എന്ന യുപി സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് വന്തങ്കിയ വിഭാഗം കൂടുതലായി കാണുന്ന മേഖലകളില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വഴിയോരം വൈദ്യുതീകരിച്ചത്’ ഗോണ്ട ജില്ലാ മജിസ്‌ട്രേറ്റ് നേഹ ശര്‍മ പറഞ്ഞു. കൂടാതെ, നിലവിലെ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളില്‍ നിന്ന് ഗോത്രവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

രാംഗഢ് ഗ്രാമത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി പുതിയൊരു റോഡ് അടുത്തിടെ ജില്ലാ ഭരണകൂടം പണികഴിപ്പിച്ചിരുന്നു. ടിക്രി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് ഇത് വരുന്നത്. സിറ്റിയില്‍ നിന്ന് 18 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. റോഡ് പോലും ഇല്ലാതിരുന്നത് ഗ്രാമവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഗ്രാമത്തില്‍ രണ്ട് സ്‌കൂളുകള്‍ തുടങ്ങുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചിട്ടുണ്ട്. ഓരോന്നിനും 35 ലക്ഷം രൂപ മുടക്കുമുതല്‍ വരുമെന്നാണ് കരുതുന്നത്. ഇതിന് യുപി സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.

വന്താങ്കിയ ഗോത്രവിഭാഗം താമസിക്കുന്ന ഗോണ്ട ജില്ലയില്‍ മാത്രമില്ല വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാഹാരാജ്ഗഞ്ചിലെ ഗോത്ര കോളനികളിലും വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 1900കളുടെ തുടക്കത്തില്‍ കിഴക്കന്‍ യുപിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ കാടുവെച്ചു പിടിപ്പിക്കുന്നതിനായാണ് വന്താങ്കിയ ഗോത്രവിഭാത്തില്‍പ്പെട്ടവരെ യുപിയിലേക്ക് കൊണ്ടുവന്നതെന്ന് ലഖ്‌നൗ സര്‍വകാശാലയിലെ പ്രൊഫസറായ പികെ ഘോഷ് പറഞ്ഞു. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം ഗ്രാമങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള വലിയ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.