പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡിയുടെ അപ്രൂവ്ഡ് പ്ലസ് വീക്കെൻഡ് സെയിൽ ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെയിൽ ഇന്നലെയാണ് ആരംഭിച്ചത്. അപ്രൂവ്ഡ് പ്ലസ് വീക്കെൻഡ് സെയിലിൽ ഓഡി ലക്ഷ്വറി കാറുകളുടെ യൂസ്ഡ് (രജിസ്റ്റർ ചെയ്തിട്ടില്ലാത്ത) കാറുകളുടെ വിൽപ്പനയാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ ഇഷ്ട ലിസ്റ്റിലുള്ള ഔഡി എ4, ഔഡി എ6, ഔഡി ക്യു 5, ഇലക്ട്രിക് കാറായ ഔഡി ഇ-ട്രോൺ തുടങ്ങിയവ പ്രദർശനത്തിന് ഉണ്ടായിരിക്കുന്നതാണ്.
വാഹനങ്ങൾക്ക് ഔഡിയുടെ രണ്ട് വർഷ വാറന്റി ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം 2 വർഷത്തേക്ക് പരിധിയില്ലാത്ത കിലോമീറ്റർ വാറന്റിയും ലഭിക്കുന്നതാണ്. ആകർഷകമായ ഫിനാൻസ്, വിൽപ്പനാനന്തര സഹായം, വാഹനത്തിന്റെ പൂർണമായ സർവീസ് ഹിസ്റ്ററി, 300 ചെക്ക് പോയിന്റ് സർവീസ് ഹിസ്റ്ററി എന്നിവയും ലഭിക്കുന്നതാണ്. അതേസമയം, ആകർഷകമായ വിലയ്ക്ക് ലഭിക്കുന്ന കാറുകൾ ഉപഭോക്താക്കൾക്ക് പരിശോധിക്കാനും, ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. രാവിലെ 9.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക.