യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രമുഖ കന്നഡ സിനിമാ നിർമാതാവ് അറസ്റ്റിൽ. ശനിയാഴ്ച്ചയാണ് കർണാടക പൊലീസ് നിർമാതാവായ വീരേന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്തത് പീഡനദൃശ്യങ്ങൾ പകർത്തി ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. വിരേന്ദ്ര ബാബു യുവതിയിൽ നിന്നും 15 ലക്ഷം രൂപ കൈവശപ്പെടുത്തിയതായും അനുസരിച്ചില്ലെങ്കിൽ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പൊലീസിൽ പരാതി നൽകിയത് അടുത്തിടെയാണ്. വീരേന്ദ്ര ബാബു ആവശ്യപ്പെട്ട പണം നൽകാനായി താൻ ആഭരണങ്ങൾ അടക്കം വിറ്റുവെന്ന് യുവതി പരാതിയിൽ പറയുന്നു. പണം നൽകിയിട്ടും കഴിഞ്ഞ ജുലൈ 30 ന് ഇയാൾ വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തി.
വീരേന്ദ്ര ബാബു തന്നെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തി. ബലാത്സംഗം, ജീവന് ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ വർഷം രാഷ്ട്രീയ പാർട്ടി മുഖേന നിയമസഭയിലേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന കുറ്റത്തിന് വീരേന്ദ്ര ബാബു ബെംഗളൂരുവിൽ അറസ്റ്റിലായിരുന്നു.