നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടതോടെ മികച്ച നേട്ടവുമായി പ്രമുഖ പൊതുമേഖല കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ 98.5 കോടി രൂപയുടെ സംയോജിത ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം സമാന പാദത്തിലെ 42.18 കോടി രൂപയിൽ നിന്നും 135 ശതമാനം വളർച്ച നേടാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദമായ മാർച്ചിൽ 39.33 കോടി രൂപയുടെ ലാഭമാണ് നേടിയത്.
ഇത്തവണ സംയോജിത മൊത്ത വരുമാനം വാർഷികാടിസ്ഥാനത്തിൽ 497.77 കോടി രൂപയിൽ നിന്നും 559.95 കോടി രൂപയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് പാദത്തിലെ ലാഭം 671.32 കോടി രൂപയായിരുന്നു. അതേസമയം, മാർച്ച് പാദത്തെ അപേക്ഷിച്ച് ഇത്തവണ ചെലവ് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. മാർച്ച് പാദത്തിലെ 676.56 കോടി രൂപയിൽ നിന്നും 422.58 കോടി രൂപയായാണ് ചെലവ് കുറഞ്ഞത്. ഇത്തവണ അറ്റകുറ്റപ്പണികളിൽ നിന്ന് മികച്ച രീതിയിൽ വരുമാനം നേടിയിട്ടുണ്ട്. മൊത്തം വരുമാനത്തിൽ 326 കോടി രൂപ കപ്പൽ നിർമ്മാണത്തിൽ നിന്നും, 150 കോടി രൂപ കപ്പൽ അറ്റകുറ്റപ്പണിയിൽ നിന്നുമാണ് നേടിയത്. വരും പാദങ്ങളിൽ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിൽ കേന്ദ്രസർക്കാറിനുളള ഓഹരി വീതം വിൽക്കുന്നതാണ്. 3 ശതമാനം ഓഹരിയാണ് വിൽക്കാൻ സാധ്യത.