രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഇന്ത്യ അത്യാധുനിക ഡിസൈനോടുകൂടിയ പുതിയ ലോഗോ പുറത്തിറക്കി. ‘ദി വിസ്ത’ എന്ന് നാമകരണം ചെയ്ത ലോഗോയാണ് ലോകത്തിനു മുന്നിൽ എയർ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ലോഗോയിൽ ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ചുവപ്പ്, സ്വർണം, പർപ്പിൾ എന്നിങ്ങനെയുള്ള നിറങ്ങൾ ഉൾക്കൊള്ളിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പരിധിയില്ലാത്ത അവസരങ്ങളെയാണ് ലോഗോ സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി.
ഡിസംബറോടെ പുതിയ ലോഗോ യാത്രക്കാർക്ക് കാണാൻ സാധിക്കുന്ന തരത്തിൽ വിമാനങ്ങളിൽ ആലേഖനം ചെയ്യുന്നതാണ്. എയർ ഇന്ത്യ വാങ്ങുന്ന വിമാനങ്ങളിൽ ആദ്യം ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാകുന്ന എയർബസ് എ350 വിമാനങ്ങൾ പുതിയ ലോഗോയോടു കൂടി കിടിലൻ ലുക്കിൽ പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 70 ബില്യൺ ഡോളറിന് 470 പുതിയ എയർക്രാഫ്റ്റുകൾ വാങ്ങാനാണ് എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. പല ഘട്ടങ്ങളിലായാണ് ഈ വിമാനങ്ങൾ എയർ ഇന്ത്യയുടെ ഭാഗമാകുക.