പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കുന്നതിനും ചെലവു ചുരുക്കല്‍ ഉറപ്പാക്കുന്നതിനുമായി, മന്ത്രിമാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിദേശ യാത്രകള്‍ പരിമിതപ്പെടുത്താന്‍ മേഘാലയ സർക്കാർ തീരുമാനിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് വിദേശ സന്ദര്‍ശനം എന്ന നിലയിലാണ് വിദേശയാത്രകള്‍ പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ വിദേശ സന്ദര്‍ശനങ്ങളില്‍ പലതും മറ്റ് രാജ്യങ്ങളുടെ ക്ഷണങ്ങള്‍ പ്രകരാമോ, കോണ്‍ഫറന്‍സുകള്‍,അല്ലെങ്കില്‍ വിദേശ സഹായ പദ്ധതികള്‍, പരിപാടികള്‍ തുടങ്ങിയ വിവിധ പരിപാടികളുടെ പ്രതിനിധി സംഘം എന്ന നിലയിലോ ആണ്.
‘സാമ്പത്തിക പരിമിതികള്‍ കണക്കിലെടുത്ത്, കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ഉദ്യോഗസ്ഥരുടെയും വിദേശ സന്ദര്‍ശനങ്ങള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് തവണയായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചു.’ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് മന്ത്രിയും മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എംഡിഎ) സര്‍ക്കാര്‍ വക്താവുമായ പോള്‍ ലിങ്‌ദോ പറഞ്ഞു.
Also read-‘അവര്‍ പേടിച്ചോടിയതാണ്, മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയം’; ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് രണ്ടാമത് വിദേശ യാത്ര നടത്തണമെങ്കില്‍ ആദ്യ സന്ദര്‍ശനം മൂലമുണ്ടായ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഒരു വിദേശ യാത്ര മാത്രമേ സ്‌പോണ്‍സര്‍ ചെയ്യാനാകൂ എന്നും രണ്ടാമത്തെ സന്ദര്‍ശനം കേന്ദ്രസര്‍ക്കാരോ മറ്റ് ഏജന്‍സികളോ വഹിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ മേഘാലയ സര്‍ക്കാരിന് വേണ്ടി അവാര്‍ഡ് സ്വീകരിക്കാന്‍ ഒരു വിദേശ രാജ്യം സന്ദര്‍ശിക്കേണ്ടതുണ്ടെങ്കില്‍ ആ ഉദ്യോഗസ്ഥന്റെ യാത്ര ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ നിരവധി ഉദ്യോഗസ്ഥര്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്, അതിന് മുഖ്യമന്ത്രിയുടെ അനുമതി മാത്രം മതിയായിരുന്നു. എന്നാല്‍ ഇന്ന് വിവേകപൂര്‍ണമായ ഒരു സാമ്പത്തിക നടപടിയെന്ന നിലയില്‍, അത്തരം സന്ദര്‍ശനങ്ങളുടെ ആവൃത്തി രണ്ടായി ചുരുക്കിയിരിക്കുകയാണ്. പാഴ്‌ച്ചെലവ് ഉണ്ടാകാതിരിക്കാന്‍ മുമ്പ് നടത്തിയ യാത്ര കൊണ്ടുണ്ടായ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം മൂന്നാമത്തെ യാത്രക്കുള്ള അനുമതി നല്‍കിയാല്‍ മതിയെന്നാണ് മന്ത്രിസഭാ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കാബിനറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ ഇത് വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) ക്ലിയറന്‍സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘രണ്ടാഴ്ച മുമ്പ്, ഇത്തരം സന്ദര്‍ശന അപേക്ഷകള്‍ക്ക് അനുമതി ലഭിക്കുന്നതിന് എംഇഎ( MEA) വളരെ കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവന്നിരുന്നു. ഇതില്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ വരെ ഉള്‍പ്പെടുന്നുണ്ട്. മുമ്പ് നടത്തിയ യാത്രയുടെ തൃപ്തികരമായ പുരോഗതി കാണിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അടുത്ത
ഔദ്യോഗിക സന്ദര്‍ശനം എന്ന രീതിയിലാണിതെന്ന്’ മന്ത്രി പറഞ്ഞു.
ചില വിദേശ സന്ദര്‍ശനങ്ങള്‍ യുക്തിരഹിതമാണെന്ന് തോന്നുന്നുവെന്നും അതിനാല്‍ അത് യുക്തിസഹമാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ലിംഗ്‌ദോ പറഞ്ഞു. യാത്രയുടെ ആവൃത്തിയും ഫലങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല, അതിനാല്‍ ഞങ്ങള്‍ പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.