കേന്ദ്രസര്‍ക്കാര്‍ മണിപ്പൂര്‍ കലാപം പരിഹരിക്കാന്‍ മുന്‍കൈയെടുക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിലെ ബിജെപിയുടെ ക്ഷത്രിയ പഞ്ചായത്ത് രാജ് പരിഷത്തിനെ അഭിസബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിമര്‍ശനം.
വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു മോദിയുടെ പരാമര്‍ശം. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ താന്‍ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയതിനെയും മോദി വിമര്‍ശിച്ചു.
” പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിയോടിയത് രാജ്യത്തെ ജനങ്ങള്‍ കണ്ടിട്ടുണ്ട്. മണിപ്പൂരിലെ ജനങ്ങളെ അവര്‍ വഞ്ചിക്കുകയാണ്,’ എന്ന് മോദി പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ക്ഷണിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കത്തയച്ചിരുന്നു.
Also read-‘രാഹുല്‍ ഗാന്ധിയ്ക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ ക്ഷാമമില്ല, പിന്നെ എന്തിന് 50കാരിയ്ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കണം’; കോണ്‍ഗ്രസ് എംഎല്‍എ വിവാദത്തില്‍
” മണിപ്പൂര്‍ വിഷയത്തില്‍ ഒരു ചര്‍ച്ച നടത്തേണ്ടത് അത്യാവശ്യമാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് നിങ്ങള്‍ കണ്ടല്ലോ! അങ്ങനെയൊരു ചര്‍ച്ച നടത്താന്‍ പോലും പ്രതിപക്ഷം അനുവദിച്ചില്ല,” മോദി പറഞ്ഞു.
‘ഇത്രയും സെന്‍സിറ്റീവായ ഒരു വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് അത് ആശ്വാസമാകുമായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ചില നിര്‍ദേശങ്ങളും ഉയര്‍ന്നുവരുമായിരുന്നു,’ മോദി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാല്ലായിരുന്നുവെന്നും മോദി പറഞ്ഞു. വിഷയത്തെപ്പറ്റിയുള്ള സത്യങ്ങള്‍ പുറത്തുവന്നാല്‍ അത് അവരെയാകും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് അവര്‍ക്ക് അറിയാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
” ജനങ്ങളുടെ വേദനയെപ്പറ്റി അവര്‍ക്ക് ഒരു ചിന്തയുമില്ല. രാഷ്ട്രീയ നേട്ടമാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടാണ് ചര്‍ച്ചയില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറിയത്. അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ മുന്‍കൈയെടുത്തതും ആ അജണ്ടയുടെ ഭാഗമായാണ്,” മോദി പറഞ്ഞു.
അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാര്‍ വിജയിച്ചെന്നും സത്യം രാജ്യത്തെ എല്ലാ ജനങ്ങളെയും അറിയിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
140 കോടി ജനങ്ങളുടെ അനുഗ്രഹത്താല്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ വിജയിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. അവരുടെ നിഷേധാത്മക നയത്തോട് ഞങ്ങളും പ്രതികരിച്ചു. ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഇറങ്ങിയോടുകയാണ് ചെയ്തത്. അവര്‍ സഭ തടസ്സപ്പെടുത്തും. എന്നാല്‍ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സത്യം അവരെ അറിയിക്കും,’ മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന ആക്രമസംഭവങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് നല്‍കിയ മറുപടി പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
Also read-‘മണിപ്പൂർ വിഭജിക്കപ്പെട്ടിട്ടില്ല; ഇന്ത്യയുടെ ഭാഗം തന്നെ’: രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി
ആദ്യം മുതല്‍ പ്രതിപക്ഷത്തെ പരിഹസിച്ചും വിമര്‍ശിച്ചും ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുമായിരുന്നു മറുപടി പ്രസംഗത്തില്‍ ഏറിയ സമയവും പ്രധാനമന്ത്രി ഉപയോഗിച്ചത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കും. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. രാഹുലിന്റെ ഭാരത് മാതാ പരാമര്‍ശം വേദനിപ്പിച്ചു. ഭാരത് മാതാവിനെ അപമാനിച്ചവരാണ് കോണ്‍ഗ്രസ്. രാജ്യത്തെ മൂന്നായി വെട്ടിമുറിച്ചവരാണ് ഇത് പറയുന്നത്. മണിപ്പൂരിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കും.
ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മണിപ്പൂരില്‍ കലാപം നടന്നത്. മണിപ്പൂരിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസാണ്. പ്രതിപക്ഷത്തിന് താല്‍പര്യം രാഷ്ട്രീയക്കളി മാത്രമാണ്. മണിപ്പൂരിനെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഓടിയൊളിച്ചു. ആഭ്യന്തരമന്ത്രി വിഷയത്തില്‍ വിശദമായി സംസാരിച്ചതാണ്. മണിപ്പൂര്‍ വികസനത്തിന്റെ പാതയില്‍ തിരികെയെത്തുമെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ സഖ്യത്തെ പ്രധാനമന്ത്രി പരിഹസിച്ചു. ഗൃഹപാഠം നടത്താതെയാണ് പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ സഖ്യം I.N.D.I.A അല്ല അഹന്തയാണെന്നും അഹന്ത മുന്നണിയുടെ കവര്‍ച്ചക്കട വൈകാതെ പൂട്ടിക്കെട്ടുമെന്നും നരേന്ദ്ര മോദി പരിഹസിച്ചിരുന്നു.