വൈറലാകാൻ പൊലീസ് സ്റ്റേഷനിൽ ബോംബിടുന്ന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച അഞ്ചുപേർ അറസ്റ്റിൽ


മലപ്പുറം: സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ പൊലീസ് സ്റ്റേഷൻ ബോംബിട്ട് തർക്കുന്ന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ചംഗസംഘം അറസ്റ്റിൽ. ഒരു മലയാളസിനിമയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചേർത്ത് മേലാറ്റൂർ പൊലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന രീതിയിൽ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്.

കരുവാരക്കുണ്ട് പുന്നക്കാട് പൊടുവണ്ണിക്കൽ സ്വദേശികളായ വെമ്മുള്ളി മുഹമ്മദ് റിയാസ് (25), ചൊക്രൻവീട്ടിൽ മുഹമ്മദ് ഫവാസ് (22), പറച്ചിക്കോട്ടിൽ സലീം ജിഷാദിയാൻ (20), പറച്ചിക്കോട്ടിൽ മുഹമ്മദ് ജാസിം (19), മേലേടത്ത് സൽമാനുൽ ഫാരിസ് (19) എന്നിവരെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റുചെയ്തത്.

വീഡിയോ അപ്‌ലോഡ്ചെയ്ത ഒന്നാംപ്രതി മുഹമ്മദ് റിയാസിനെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റിയാസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു നാലുപേരെ പിടികൂടിയത്.

ലഹള സൃഷ്ടിക്കാൻ ശ്രമിക്കൽ, സാമൂഹികമാധ്യമം വഴി പൊലീസിനെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിട്ടുള്ളത്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ആർ രഞ്ജിത്ത്, എസ് ഐ ഷെരീഫ്, സി പി ഒമാരായ രാജൻ, സുരേന്ദ്രബാബു, വിനോദ്, രാഗേഷ് ചന്ദ്ര എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

അറസ്റ്റിലായവരെ പീന്നീട് ജാമ്യത്തിൽ വിട്ടയച്ചു.