തിരുവനന്തപുരത്ത് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് തെളിഞ്ഞു; സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: കല്ലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ചിറ്റായിക്കോട് സ്വദേശി ബാബുവിന്റെ മകൻ രാജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം സ്വദേശി സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കല്ലമ്പലം മാവിൻമൂട് കുന്നുംപുറം ഭാഗത്തെ വയലിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. കല്ലമ്പലം ചിറ്റായക്കോടിനും കുന്നുംപുറത്തിനും ഇടയിൽ വയലിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചിരുന്നു. തുടർന്നാണ് രാജുവിന്റെ ബന്ധുക്കൾ രാജുവിന്റെ മരണം കൊലപാതകം ആണെന്ന സംശയവുമായി മുന്നോട്ടുവന്നത്. തുടർന്ന് കല്ലമ്പലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊല്ലപ്പെട്ട രാജുവും സുഹൃത്തുക്കളും കഴിഞ്ഞ പത്താം തീയതി വൈകുന്നേരത്ത് ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഈ കൂട്ടത്തിൽ സുനിലും ഉണ്ടായിരുന്നു. വൈകുന്നേരം ആയതോടെ മറ്റുള്ളവർ വീടുകളിലേക്ക് പോയിരുന്നു. സുനിലും രാജുവും മാത്രം സമീപത്തെ കുളത്തിൽ കരയിലേക്ക് പോയി. ഇവിടെവെച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും സുനിൽ രാജു വിനെ കുളത്തിൽ മുക്കി കൊല്ലുകയുമായിരുന്നു. പിറ്റേദിവസമാണ് മൃതദേഹം കുളത്തിൽ പൊങ്ങിയത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കും.