ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍: ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍ പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍


അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരവ്. ശ്രീദേവിയുടെ അഭിനയ ജീവിതം വിവരിച്ചുള്ള ഡൂഡിൽ ഒരുക്കിയിരിക്കുന്നത് മുംബൈ സ്വദേശിയായ ആര്ട്ടിസ്റ്റ് ഭൂമിക മുഖര്‍ജിയാണ്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ആദ്യമായി നേടിയ ശ്രീദേവി തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ സിനിമയിലെത്തി.   ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കി.

READ ALSO: അജ്മാനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ, 16 ഫ്‌ളാറ്റുകളും 13 വാഹനങ്ങളും കത്തിയമര്‍ന്നു

1976 ല്‍ പതിമൂന്നാം വയസ്സില്‍, കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്‌’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറ്റം കുറിച്ച ശ്രീദേവി കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം തുടങ്ങി ഇരുപതിലേറെ മലയാള സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച താരത്തെ 2013ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

ദുബൈയിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍ മുറിയിൽ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു 2018 ഫെബ്രുവരി 24നു ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രമുഖ ഉര്‍ദു – ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറാണ് ഭര്‍ത്താവ്. നടി ജാൻവി കപൂര്‍, ഖുശി കപൂര്‍ എന്നിവരാണ് മക്കള്‍.