തിരുവനന്തപുരം: കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മത്സ്യതൊഴിലാളിയായ ശാന്തിപുരം സ്വദേശി റിച്ചാർഡ് (52) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. റിച്ചാർഡിന്റെ ഭാര്യയുടെ ഭാര്യയുടെ സഹോദരിയുടെ മകനായ സനിൽ (32) ആണ് കുത്തിയത്. ആക്രമത്തിൽ സനിലിനും പരിക്കേറ്റു. പ്രതിയെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് (ഞായറാഴ്ച്ച) ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. ശാന്തിപുരത്ത് റിച്ചാർഡിന്റെ വീട്ടിന് മുന്നിൽ വച്ചായിരുന്നു സംഭവം. മകളുടെ കുഞ്ഞിനെ കണ്ട് വീട്ടിലേക്കെത്തിയ റിച്ചാർഡിനെ വീട്ടിനു മുന്നിൽ നിന്ന സനിൽ ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ നേരത്തെയും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു.
ആദ്യം റിച്ചാർഡ്സും സനിലും തമ്മിൽ അടിപിടിയുണ്ടായി. പിന്നാലെ സനിൽ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് റിച്ചാർഡിനെ കുത്തുകയായിരുന്നു. കുത്തേറ്റ് കുഴഞ്ഞു വീണ റിച്ചാർഡിനെ നാട്ടുകാരാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഠിനംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.