കൊലപാതകത്തിന് തെളിവില്ല; ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു| charred human body parts found in koyilnady-body Sent to forensic examination – News18 Malayalam
കോഴിക്കോട്: കൊയിലാണ്ടിയിൽ പാടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ട്ടങ്ങൾ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മാർട്ടത്തിൽ കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. അഴുകിയ മൃതദേഹഭാഗങ്ങൾ പലയിടങ്ങളിലായി മൃഗങ്ങൾ കടിച്ചുകൊണ്ടിട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.
മരിച്ച രാജീവന്റെ മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകി. മൃതദേഹം കത്തിക്കരിഞ്ഞ് അഴുകിയ നിലയിലായിരുന്നതിനാൽ പോസ്റ്റ്മാർട്ടത്തിൽ മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടുതൽ വ്യക്തതയ്ക്കായാണ് ഫോറൻസിക് പരിശോധനക്ക് അയച്ചത്.
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം ആത്മഹത്യയെന്നാണ്. കാലുകൾ മൃഗങ്ങൾ കടിച്ച് കൊണ്ടുപോയി പാടത്തിന്റെ വിവിധയിടങ്ങളിലായി ഇട്ടതാകാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്. മരിച്ച രാജിവന്റെ സുഹൃത്തുക്കളെയും നാട്ടുകാരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഒഴിഞ്ഞമായതുകൊണ്ട് രാജീവനുൾപ്പെടെയുള്ള മദ്യപസംഘത്തിന്റെ സ്ഥിരം സങ്കേതമായിരുന്ന ഇവിടം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിശബ്ദമായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണോ മരണകാരണമെന്നും പൊലീസ് പരിശോധിച്ചു വരുന്നു.