സാധാരണക്കാരെ വലച്ച് ഹോർട്ടികോർപ്പ്, പച്ചക്കറികൾക്ക് ഈടാക്കുന്നത് പൊതുവിപണിയെക്കാൾ അധിക വില


സംസ്ഥാനത്ത് പച്ചക്കറി വില താഴ്ന്നിട്ടും സാധാരണക്കാരെ വലക്കുകയാണ് ഹോർട്ടികോർപ്പ്. സർക്കാറിന്റെ കീഴിലുള്ള ഹോർട്ടികോർപ്പിൽ പച്ചക്കറികൾക്ക് ഇപ്പോഴും ഈടാക്കുന്നത് ഉയർന്ന വിലയാണ്. അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചതോടെ തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വിലക്കയറ്റത്തിന് പൊതുവിപണിയിൽ നേരിയ ശമനം ഉണ്ടായിട്ടുണ്ട്. എന്നാൽ,ഹോർട്ടികോർപ്പിലെ വില ഇപ്പോഴും ഉയർന്ന് തന്നെയാണ്.

പൊതുവിപണിയെക്കാൾ 20 ശതമാനം വിലക്കുറവിലാണ് ഹോർട്ടികോർപ്പിൽ വിൽപ്പന നടത്തേണ്ടത്. വിപണിയിൽ വിലക്കയറ്റം ഉണ്ടാകുമ്പോൾ സാധാരണക്കാർ ഭൂരിഭാഗവും ഹോർട്ടികോർപ്പിനെ ആശ്രയിക്കാറുണ്ട്. ഇത്തവണ ഹോർട്ടികോർപ്പിനെക്കാൾ പൊതുവിപണിയെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. കിലോയ്ക്ക് 180 രൂപ വരെ എത്തിയ തക്കാളി ഇപ്പോൾ പൊതുവിപണിയിൽ 40-50 രൂപയ്ക്ക് ലഭ്യമാകുന്നതാണ്. എന്നാൽ, ഹോർട്ടികോർപ്പിൽ ഒരു കിലോ തക്കാളിക്ക് 79 രൂപയാണ് വില. ഇക്കുറി ഹോർട്ടികോപ്പിന് പച്ചക്കറി എത്തിച്ചിരുന്ന കർഷകരിൽ മിക്ക ആളുകളും പിന്മാറിയിട്ടുണ്ട്. ഹോർട്ടികോർപ്പിന് പച്ചക്കറി നൽകിയാൽ, തുക ലഭിക്കാൻ ഒരു വർഷം എടുക്കുമെന്നതാണ് ഭൂരിഭാഗം കർഷകരെയും പിന്നിലേക്ക് വലിച്ചത്.