ശബരിമലയിലെ നിറഞ്ഞു കവിയുന്ന കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനി എഐ എത്തുന്നു. ഭണ്ഡാരങ്ങളിൽ എത്തുന്ന നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ ശബരിമലയിൽ എഐ കൗണ്ടിംഗ് മെഷീനുകൾ സ്ഥാപിക്കാനാണ് ദേവസ്വം ബോർഡിന്റെ പുതിയ നീക്കം. എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാൽ ഇനി നാണയം എണ്ണുന്നത് വളരെ എളുപ്പമാകും. മിനിറ്റിൽ 300 നാണയങ്ങൾ വരെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുമെന്നതാണ് എഐ കൗണ്ടിംഗ് മെഷീനുകളുടെ പ്രത്യേകത. കൂടാതെ, ഇത്തരത്തിൽ എണ്ണുന്ന നാണയങ്ങൾ പ്രത്യേക പായ്ക്കറ്റുകളായി യന്ത്രം തന്നെ വേർതിരിക്കും.
തിരുപ്പതി ക്ഷേത്രത്തിൽ എഐ ഉപയോഗിച്ച് കൗണ്ടിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ മെഷീനിനെ കുറിച്ച് വിശദമായി പഠിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ എത്തിയിരുന്നു. ‘സ്പൂക്ക് ഫിഷ്’ എന്ന ബ്രാൻഡിന്റെ മെഷീനാണ് ശബരിമലയിൽ സ്ഥാപിക്കാൻ സാധ്യത. മെഷീൻ സ്ഥാപിക്കുന്നതിനായി ഏകദേശം 3 കോടിയോളം രൂപ ചെലവ് കണക്കാക്കുന്നുണ്ട്. നാണയത്തിന്റെ ഇരുവശത്തും യന്ത്ര പരിശോധന നടത്തിയ ശേഷം ഭാരം തിട്ടപ്പെടുത്തിയാണ് ഒരേ മൂല്യമുള്ള നാണയങ്ങൾ വേർതിരിച്ച് പായ്ക്കറ്റുകളിൽ ആക്കുക. കൂടാതെ, എണ്ണത്തിട്ടപ്പെടുത്തിയ പണത്തിന്റെ കമ്പ്യൂട്ടർ സ്റ്റാറ്റിസ്റ്റിക്സ് തൽസമയം ലഭ്യമാകുന്നതാണ്.