നോക്കിയ 150: പുതിയ മോഡൽ ഫീച്ചർ ഫോൺ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം


വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യൻ വിപണിയിൽ ഇടം നേടിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ് നോക്കിയ. ആദ്യ ഘട്ടത്തിൽ നോക്കിയയുടെ ഫീച്ചർ ഫോണുകളാണ് വിപണിയിൽ ഇടം നേടിയത്. എന്നാൽ, ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾ കാലത്തിനനുസരിച്ച് മാറിയതോടെ നോക്കിയയുടെ സ്മാർട്ട്ഫോണുകളും വിപണിയിലെത്തി. ഇത്തവണ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് പുതിയൊരു ഹാൻഡ്സെറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന നോക്കിയ 150 ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.

ഉയർന്ന ബാറ്ററി ബാക്കപ്പ് ആവശ്യമുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫോണാണ് നോക്കിയ 150. 1,450 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. ലൗഡ് സ്പീക്കർ, എംപി3 പ്ലെയർ, 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ്, വയർഡ്-വയർലെസ് മോഡുകളിൽ പ്രവർത്തിക്കുന്ന എഫ്എം റേഡിയോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ് 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, ടക്ടൈൽ കീപാഡ്, മൈക്രോ യുഎസ്ബി 1.1 പോർട്ട്, നോർമൽ 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ പ്രധാന ഫീച്ചറുകളാണ്. ചാർക്കോൾ, സിയാൽ, റെഡ് എന്നിങ്ങനെ 3 കളർ വേരിയന്റുകളിൽ വാങ്ങാനാകും. നോക്കിയ 150യുടെ ഇന്ത്യൻ വിപണി വില 2,699 രൂപയാണ്. അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും, നോക്കിയ.കോം സൈറ്റിൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ഹാൻഡ്സെറ്റ് വാങ്ങാവുന്നതാണ്.