ത്രിപുരയിലെ ബക്സനഗറിൽ സെപ്തംബർ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അന്തരിച്ച എംഎല്‍എയുടെ മകനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം. അന്തരിച്ച എംഎൽഎ സാംസുൽ ഹഖിന്റെ മകൻ മിജാൻ ഹുസൈൻ ബോക്‌സാനഗറിൽ മത്സരിക്കുമെന്ന് ത്രിപുര ഇടതുമുന്നണി കൺവീനർ നാരായൺ കർ പത്രസമ്മേളനത്തിൽ അറിയിച്ചു. ധൻപൂർ അസംബ്ലി മണ്ഡലത്തിൽ, കൗശിക് ചന്ദ സ്ഥാനാർത്ഥിയാകും, മുമ്പ് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ സീറ്റിൽ നിന്ന് കേന്ദ്ര സഹമന്ത്രി പ്രതിമ ഭൂമികിനെതിരെ മത്സരിച്ചിരുന്നു.
ഇരുവരും ഓഗസ്റ്റ് 16 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും സർക്കാരിന്റെ നടപടികൾ ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയെ വെല്ലുവിളിക്കുമ്പോൾ, ജനാധിപത്യം തന്നെ ഭീഷണിയിലാണെന്നും നാരായൺ കാർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നിലവിലെ സാഹചര്യം അപകടകരമാണെന്നും രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read-വൈകാതെ NEET പരീക്ഷ ഇല്ലാതാകും; വിദ്യാർത്ഥി ജീവനൊടുക്കിയതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
ഭരണകക്ഷി ഫാസിസ്റ്റ് നടപടികളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും രണ്ട് മണ്ഡലങ്ങളിലും സിപിഎമ്മിനെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് തടയുകയാണെന്നും കാർ ആരോപിച്ചു. തങ്ങളുടെ ഓഫീസുകൾ തുറക്കാൻ പോലും തങ്ങളെ അനുവദിക്കുന്നില്ലെന്നും അത്തരം സാഹചര്യങ്ങളിൽ അവർക്കെതിരെ മത്സരിക്കാനാണ് തീരുമാനമെന്നും നാരായൺ കാർ പറഞ്ഞു.