എഐ സാങ്കേതികവിദ്യയിൽ വിദഗ്ധരാണോ? കോടികൾ ശമ്പളം, ജോലി വാഗ്ദാനവുമായി ആമസോണും നെറ്റ്ഫ്ലിക്സും


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ വൈദഗ്ധ്യമുള്ളവരെ തേടി ആമസോണും നെറ്റ്ഫ്ലിക്സും. ചാറ്റ്ജിപിടി പോലെയുള്ള എഐ സാങ്കേതികവിദ്യയിലാണ് ഇരു കമ്പനികളും വിദഗ്ധരെ നിയമിക്കുവാൻ പദ്ധതിയിടുന്നത്. ഈ മേഖലയിൽ ജോലിക്ക് പ്രവേശിക്കുന്നവർക്ക് പ്രതിവർഷം 7 കോടി രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. എഐ നിലവിൽ വന്നതോടെ ജീവനക്കാരുടെ തൊഴിൽ നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ ഇതിനോടകം നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഐ മേഖലയിലെ തൊഴിൽ സാധ്യതകൾ ഇടം നേടുന്നത്. ഇന്ന് മിക്ക കമ്പനികളും എഐയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

മെഷീൻ ലേർണിംഗ് പ്ലാറ്റ്ഫോം പ്രോഡക്റ്റ് മാനേജർമാരെയാണ് നെറ്റ്ഫ്ലിക്സ് തേടുന്നത്. മെഷീൻ ലേർണിംഗ് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ പോസ്റ്റിന് ഉള്ളത്. കാലിഫോർണിയയിലെ ഓഫീസിലോ, റിമോട്ട് ഏരിയയിലോ ജോലി ചെയ്യാവുന്നതാണ്. ബിരുദം അടിസ്ഥാന യോഗ്യതയായി നൽകിയിട്ടില്ല. അതേസമയം, അപ്ലൈഡ് സയൻസ്, ജനറേറ്റീവ് എഐ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത സീനിയർ മാനേജർ തസ്തികയിലേക്കാണ് ആമസോൺ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ശാസ്ത്ര ഗവേഷണത്തിലും, എഐ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലും വിദഗ്ധരുടെ സംഘത്തെ നയിക്കുകയാണ് ചുമതല.