തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ സെറ്റ് വിൽപ്പന തകൃതി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടിക്കറ്റുകൾ സെറ്റാക്കി വിൽക്കുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ലോട്ടറി വകുപ്പും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഓണം ബമ്പർ അടക്കം വിൽക്കുന്നത് ടിക്കറ്റുകൾ സെറ്റാക്കി നമ്പർ പരസ്യമായി എഴുതി പ്രദർശിപ്പിച്ചാണ്.
അവസാനത്തെ നാലക്കം ഒരേ സംഖ്യ വരുന്ന ടിക്കറ്റുകൾ ഒരുമിച്ചു വിൽക്കുന്ന രീതിയാണ് വ്യാപകമായിരിക്കുന്നത്. ഇത്തരത്തിൽ നൂറിലേറെ ടിക്കറ്റുകൾ ഒരുമിച്ചു വിൽക്കുന്ന ഏജൻസികൾ വരെയുണ്ട്. നാലക്കം പരസ്യമായി എഴുതി പ്രദർശിപ്പിച്ചാണ് ടിക്കറ്റ് വിൽപന. നൂറിലേറെ ടിക്കറ്റുകൾ ഒരുമിച്ച് എടുക്കുന്നവർക്കാണ് മുൻഗണന. മിക്ക നറുക്കെടുപ്പിലും മൂന്നാം സമ്മാനം മുതൽ ഏഴാം സമ്മാനം വരെ അവസാനത്തെ നാലക്കം മാത്രം നോക്കിയാണു ലോട്ടറി വകുപ്പു നൽകുന്നത്. അതിനാൽ എടുക്കുന്ന സെറ്റിന് സമ്മാനമുണ്ടെങ്കിൽ വൻ തുക കൈപ്പറ്റാം.
ഉദാഹരണത്തിന് 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിൽ 96 അവസാന നാലക്കങ്ങൾക്ക് സമ്മാനമുണ്ട്. 100 ടിക്കറ്റുകൾക്ക് ചെലവ് 5000 രൂപ. എടുക്കുന്ന സെറ്റിന് 500 രൂപ സമ്മാനമടിച്ചാൽ കിട്ടുക 50,000 രൂപ. ലാഭം 45,000 രൂപ. എടുക്കുന്ന സെറ്റിന് സമ്മാനമില്ലെങ്കിൽ നഷ്ടം 5,000 രൂപ. 100 ടിക്കറ്റുകൾ അടങ്ങിയ സെറ്റെടുക്കുന്നയാൾക്ക് സമ്മാനം ലഭിക്കുമ്പോൾ 99 പേർക്ക് സമ്മാനം നഷ്ടപ്പെടുകയാണ്. അടുത്തിടെ കേരള ലോട്ടറിയിൽ സമ്മാനങ്ങൾ വ്യാപകമായി ലഭിക്കുന്നില്ലെന്ന പരാതിക്ക് ഒരു കാരണം സെറ്റ് വിൽപനയാണ്. ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ ഓരോ സീരീസിലെയും ടിക്കറ്റുകൾ ഒരുമിച്ചു വിൽക്കുന്ന രീതിയും വ്യാപകമാണ്.
പരമാവധി പേർക്ക് സമ്മാനങ്ങൾ നൽകുന്നതിനു വേണ്ടിയാണ് സെറ്റ് വിൽപനയ്ക്ക് ഭാഗ്യക്കുറി വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടിക്കറ്റുകൾ സെറ്റാക്കി വിൽക്കുന്ന ഏജൻസികൾക്കെതിരെ ലോട്ടറി വകുപ്പ് കർശന നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പരമാവധി വരുമാനം ഉറപ്പാക്കാനുള്ള ശ്രമത്തിനിടെ ഇത്തരം നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ലോട്ടറി വകുപ്പ്.