വിമാനത്തില്‍ ബിജെപിക്കെതിരേ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥിക്കെതിരേയുള്ള കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി


ചെന്നൈ: വിമാനത്തില്‍വെച്ച് ബി.ജെ.പി. വിരുദ്ധ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥി ലോയിസ് സോഫിയയ്‌ക്കെതിരേയുള്ള കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനും ഇതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബെഞ്ചാണ് ലോയിസിനെതിരേയുള്ള കേസ് റദ്ദാക്കിയത്.

സംഭവം ഒരു കുറ്റകൃത്യമല്ലെന്നും വളരെ നിസ്സാരമായ കാര്യമാണെന്നും ലൂയിസിനെതിരായുള്ള നടപടികള്‍ റദ്ദാക്കിക്കൊണ്ട് ജഡ്ജി ധന്‍പാല്‍ പറഞ്ഞു.

തൂത്തുക്കുടി മൂന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസിട്രേറ്റിന് മുമ്പാകെ പരിഗണനയിലുള്ള കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2019-ല്‍ ലൂയിസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവായത്.

തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ചാണ് ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ തമിഴിസൈ സൗന്ദര്‍രാജന്‍ കേള്‍ക്കെ, ബി.ജെ.പിയുടെ ഫാസിസ ഭരണം തുലയട്ടെയെന്ന് സോഫി മുദ്രാവാക്യം മുഴക്കിയത്. ഇതേത്തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

2018 സെപ്റ്റംബറില്‍ മുന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസൈ സുന്ദരരാജിന്റെ സാന്നിധ്യത്തിലാണ് വിദ്യാര്‍ഥിയായിരുന്നു ലോയിസ് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. വിമാനത്തില്‍വെച്ച് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനാണ് തൂത്തുക്കുടി പോലീസാണ് ലോയിസിനെ അറസ്റ്റു ചെയ്തത്. പിന്നീട് തമിഴിസൈ നല്‍കിയ പരാതിയിലും ലോയിസിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

ലോയിസിന്റെ അറസ്റ്റിനെതിരേ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഡിഎംകെ എം.കെ സ്റ്റാലിനും അന്ന് അറസ്റ്റില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര ലക്ഷം പേരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സ്റ്റാലിന്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യണം. അറസ്റ്റു ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.