ഇസ്രയേൽ സന്ദർശിച്ച ശേഷം ഇന്ത്യയിലെത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താൻ സിപിഎം
തിരുവനന്തപുരം: ഇസ്രയേൽ സന്ദർശിച്ച ശേഷം ഇന്ത്യയിലെത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താൻ സിപിഎം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേൽ സന്ദർശിച്ച ശേഷം നവംബർ എട്ടിന് ഇന്ത്യയിൽ വരികയാണ്. ഈ വരവിന് എതിരായി നവംബർ 7,8,9 തീയതികളിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു.
പരിപാടിയിൽ വിശാലമായി ജനങ്ങളെ അണിനിരത്തും. പലസ്തീനെതിരെ കടുത്ത കടന്നാക്രമണമാണ് ഇസ്രയേൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. യുഎസ് പിന്തുണയോടെ ലോക സാമ്രാജ്യത്വം ഈ ദൗത്യം ഇസ്രയേലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ അമേരിക്ക ഇസ്രയേലിന് നൽകിവരികയാണ്. കുട്ടികളെയും സ്ത്രീകളെയും നശിപ്പിക്കുന്നതിന് ആ ആയുധമാണ് ഉപയോഗിക്കുന്നത്. ഇതുകൂടാതെ അമേരിക്ക 400 കോടിയിലധികം ഡോളർ വർഷംതോറും ഇസ്രായേലിന് നൽകുന്നുണ്ടെന്ന് സിപിഎം ആരോപിച്ചു.
ഇസ്രയേലിന് അനുകൂലമായ നിലപാട് തന്നെയാണ് കേന്ദ്ര സർക്കാരിനും. യുദ്ധം അവസാനിപ്പിക്കുക എന്നത് യുഎൻ അസംബ്ലി പ്രമേയം അംഗീകരിച്ചതാണ്. എന്നാൽ ഗാസയിലും പലസ്തീന്റെ വിവിധ ഭാഗങ്ങളിലും ഇസ്രയേൽ ബോംബിട്ട് തകർക്കുകയാണ്. യുഎൻ തീരുമാനം ബാധകമല്ല എന്ന ഫാസിസ്റ്റ് നിലപാടാണ് ഇക്കാര്യത്തിൽ ഇവർ സ്വീകരിക്കുന്നത്. ഇതിനെതിരായി ലോകവ്യാപകമായി പ്രതിഷേധം ഉയർന്നുവരികയാണ്. ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ 3 ലക്ഷത്തിലധികമാളുകളാണ് പങ്കെടുത്തത്. യൂറോപ്പിലാകെ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയാണ്. അമേരിക്കയിലും ജൂത ഗ്രൂപ്പുകളാണ് ഇസ്രയേലിനെതിരെ പ്രതിഷേധിച്ചതെന്നും സിപിഎം കൂട്ടിച്ചേർത്തു.