ക്ഷേമ പെൻഷൻ: രണ്ട് മാസത്തെ കുടിശ്ശിക ഈയാഴ്ച വിതരണം ചെയ്യും


സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനം. കുടിശ്ശികയുള്ള മാസങ്ങളിലെ ക്ഷേമ പെൻഷനാണ് ഈയാഴ്ച മുതൽ ഭാഗികമായി വിതരണം ചെയ്യുക. സംസ്ഥാനത്ത് ഇതുവരെ നാല് മാസത്തെ പെൻഷനാണ് ഗുണഭോക്താക്കൾക്ക് നൽകാനുള്ളത്. ഇതിൽ രണ്ട് മാസത്തെ കുടിശ്ശികയാണ് ഈയാഴ്ച ഭാഗികമായി വിതരണം ചെയ്യുക. പ്രതിമാസം 1600 രൂപയാണ് പെൻഷനായി നൽകുന്നത്. രണ്ട് മാസത്തെ കുടിശ്ശിക നൽകുന്നതോടെ 3200 രൂപയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാകുക.

ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ പെൻഷൻ വിതരണമാണ് മുടങ്ങിയിട്ടുള്ളത്. കോടികൾ ചെലവഴിച്ച് കേരളീയം പരിപാടി നടത്തുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷൻ വിതരണത്തിന് സർക്കാർ ഉത്തരവിട്ടത്. 56.5 ലക്ഷം ആളുകൾക്കാണ് പെൻഷൻ നൽകേണ്ടത്. ഇതിനായി 2000 കോടി രൂപ ബാങ്കുകൾ വഴി സമാഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ, ഈ നടപടി പരാജയപ്പെട്ടതിനെ തുടർന്ന് മറ്റ് ചെലവുകൾ താൽക്കാലികമായി ഒഴിവാക്കി പെൻഷൻ നൽകാനാണ് ധനവകുപ്പിന്റെ ശ്രമം.