ഒരോവറിൽ 10 പന്ത്; ദക്ഷിണാഫ്രിക്കൻ താരത്തിന് നാണംകെട്ട റെക്കോർഡ്


കൊല്‍ക്കത്ത: ഈഡൻ ഗാർഡൻസിൽ ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന് ഇറങ്ങുന്നതുവരെ ദക്ഷിണാഫ്രിക്കയുടെ യുവ ഓൾറൌണ്ടർ മാർക്കോ യാൻസൻ ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരെ പന്തെറിഞ്ഞപ്പോൾ യാൻസന് തൊട്ടതെല്ലാം പിഴച്ചു. രോഹിത് ശർമ്മയുടെ കടന്നാക്രമണത്തിൽ അക്ഷരാർഥത്തിൽ പകച്ചുപോകുകയായിരുന്നു യാൻസൻ.

ഒരോവറിൽ എക്സ്ട്രാസ് ഉൾപ്പടെ 10 പന്തുകൾ എറിയുക എന്ന നാണക്കേടിന്‍റെ റെക്കോർഡാണ് ഇന്ന് യാൻസന്‍റെ തലയിലായത്. ആദ്യ ഓവറിൽ തന്നെ ലൈനും ലെങ്തുമില്ലാതെ പന്തെറിഞ്ഞ യാൻസന്‍റെ രണ്ടാമത്തെ ഓവറിൽ ഇന്ത്യ അടിച്ചെടുത്തത് 17 റൺസായിരുന്നു.

യാൻസൻ എറിഞ്ഞ രണ്ടാമത്തെ ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്ത രോഹിത് സ്ട്രൈക്ക് ഗില്ലിന് കൈമാറി. രണ്ടാം പന്ത് വൈഡായി കീപ്പർക്ക് എത്തിപ്പിടിക്കാവുന്നതിലും അകലെയായി ബൗണ്ടറിയിലേക്ക് പോയി. അടുത്ത പന്തും യാൻസൻ വൈഡെറിഞ്ഞു. നിയമപരമായ രണ്ടാം പന്തില്‍ സിംഗിള്‍ മാത്രമെ വിട്ടുകൊടുത്തുള്ളൂവെങ്കിലും അടുത്ത പന്തില്‍ വീണ്ടും ബൗണ്ടറി നേടി. നാലാമത്തെ പന്ത് വീണ്ടും യാൻസൻ വൈഡ് എറിഞ്ഞു. വീണ്ടുമെറിഞ്ഞ നാലാം പന്തില്‍ റൺസ് നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. അഞ്ചാം പന്തില്‍ വീണ്ടും ബൗണ്ടറി. അവസാന പന്തില്‍ റൺസില്ലാതെ എറിഞ്ഞുതീർത്തപ്പോഴും നാണക്കേട് കൊണ്ട് തലകുനിഞ്ഞ അവസ്ഥയിലായിരുന്നു യാൻസൻ. ഈ ഒരു ഓവർ പൂര്‍ത്തിയാക്കാന്‍ യാന്‍സന്‍ എറിഞ്ഞത് 10 പന്തുകള്‍. ഇതോടെ ലോകകപ്പില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ബൗളറുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറെന്ന നാണക്കേട് യാന്‍സന്‍റെ പേരിലായി.

ഈ ലോകകപ്പിൽ ഇതുവരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച യാൻസനെ എല്ലാ ആത്മവിശ്വാസവും തകർന്ന നിലയിലാണ് ഇന്ന് കണ്ടത്. ഇതുവരെ ഏഴ് കളികളിൽനിന്ന് 16 വിക്കറ്റ് നേടിയ യാൻസൻ ഈ ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കൻ ബോളറായിരുന്നു.

പിന്നീട് ബോളിങ് എൻഡ് മാറി പരീക്ഷിക്കാൻ എത്തിയ യാൻസൻ വീണ്ടും അടിവാങ്ങിക്കൂട്ടി. യാന്‍സനെ ഗില്‍ സിക്സറടിച്ചു. യാൻസൻ എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 10 റൺസ് കൂടി വഴങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ യാൻസനെ പിൻവലിച്ച് റബാഡയെ കൊണ്ടുവന്നു.