മലയാളത്തില്‍ 100 കോടി ചിത്രമില്ല: നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ പലതും ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ്


കൊച്ചി: മലയാള സിനിമയില്‍ നൂറ് കോടി കളക്ട് ചെയ്ത സിനിമകളെ കുറിച്ച് ചലച്ചിത്ര പ്രവർത്തകനായ സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെയും മലയാളത്തിലെ ഒരു സിനിമയ്ക്കും നൂറ് കോടി കളക്ഷൻ കിട്ടിയിട്ടില്ലെന്നും ഇതൊക്കെ ഒരു ബിസിനസാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. നിര്‍മാതാവിന് ലാഭമുണ്ടായാല്‍ ആ സിനിമ വിജയിച്ചു എന്ന് പറയാമെന്നും, ഇല്ലെങ്കില്‍ പരാജയമാണെന്നും താരം വ്യക്തമാക്കി.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ;

‘നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ അവര്‍ പല ഐഡിയയും ചെയ്യും.100, 200 കോടി എന്നൊക്കെ അവര്‍ പറയട്ടെ. ഇതെല്ലാം കണ്ട് നിങ്ങള്‍ വെറുതെ ചിരിക്കുക. അല്ലാതെ ഇന്ന നടന് നൂറ് കോടി കിട്ടി, മറ്റെയാള്‍ക്ക് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് നിങ്ങളെന്തിനാണ് ഇങ്ങനെ അടി കൂടുന്നത്. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഈ അടികൂടലാണ് ഇതിലെ പ്രശ്‌നം.

ഞാൻ ഇപ്പോൾ ഒരു ഇടവേളയിലാണ്, നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും: അമൃത സുരേഷ്

ഒരു പ്രമുഖ നിര്‍മാതാവ് പറയുകയുണ്ടായി, അവരുടെ രണ്ട് സിനിമയ്ക്ക് നൂറ് കോടി കോടിയും അമ്പത് കോടിയും കിട്ടിയിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അമ്പത് കോടി കലക്ട് ചെയ്ത സിനിമയ്ക്കാണ് അദ്ദേഹത്തിന് കുറച്ച് കൂടി ലാഭം ഉണ്ടായതെന്ന്. 100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ് തള്ളാണ്. ഇതൊക്കെ സ്വാഭാവികം. മലയാളത്തില്‍ ഇന്നേവരെ നൂറ് കോടിയൊന്നും ഒരു സിനിമയും കളക്ട് ചെയ്തിട്ടില്ല.

ഒരു നടന്‍ ഇപ്പോള്‍ ഒരു സിനിമയ്ക്ക് എട്ടോ പത്തോ കോടി പ്രതിഫലം വാങ്ങുന്നുണ്ടെന്ന് വയ്ക്കുക. അവര്‍ക്ക് ഈ സിനിമ നൂറ് കോടി, 200 കോടി കളക്ട് ചെയ്തു എന്ന് പറഞ്ഞാലല്ലേ അടുത്ത തവണ ഒരു നിര്‍മാതാവ് വരുമ്പോള്‍ പത്ത് കോടി പറ്റില്ല ഇരുപത് കോടി വേണമെന്ന് പറയാന്‍ പറ്റുകയുള്ളു. അപ്പോഴല്ലേ അവരുടെ ബിസിനസ് നടക്കുകയുള്ളു.

മുതല്‍ മുടക്കിയവന് പൈസ തിരിച്ച് കിട്ടിയാല്‍ ആ സിനിമകളെല്ലാം നല്ലതാണ്. മുതല്‍ മുടക്കിയവന് പൈസ തിരിച്ച് കിട്ടുന്നില്ലെങ്കില്‍ അയാള്‍ കുത്തുപാള എടുത്തുവെങ്കില്‍ ആ സിനിമ മോശമാണ്. സിനിമ വെറും ബിസിനസാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ കലാകാരന്മാരൊന്നുമില്ല. സിനിമയെ വിറ്റ് ജീവിക്കുന്ന ബിസിനസുകാര്‍ മാത്രമേയുള്ളു. ആ ബിസിനസുകാരെ അവരുടെ ജോലി ചെയ്യാന്‍ നമ്മള്‍ അനുവദിക്കുകയാണ് വേണ്ടത്.’