ഞാൻ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ?: ഡീപ് ഫേക്ക് വീഡിയോ വിഷയത്തിൽ നടി രശ്മിക മന്ദാന


മുംബൈ: കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ച് രശ്മിക മന്ദാന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവം തീർത്തും വേദനാജനകമാണെന്നും ഒപ്പം നിന്നവർക്ക് നന്ദി പറയുന്നുവെന്നും രശ്മിക സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

രശ്മിക മന്ദാനയുടെ വാക്കുകൾ ഇങ്ങനെ;

‘എന്റേത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോയെ കുറിച്ച് സംസാരിക്കേണ്ടി വരുന്നത് തീർത്തും വേദനാജനകമാണ്. ഇത്തരമൊരു കാര്യം എനിക്ക് മാത്രമല്ല ഇതുപോലെ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് ഇരയാകുന്ന നമ്മളോരോരുത്തർക്കും അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ കാലതാമസം കൂടാതെ ഒപ്പിടണം: നിർദ്ദേശവുമായി സുപ്രീംകോടതി

ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ, ഞാൻ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇത്തരം ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയിൽ അടിയന്തിരമായും നാം ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്.’