എഐ ചിത്രങ്ങൾ തിരിച്ചറിയാൻ പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ; എന്താണ് സിന്ത് ഐഡി?


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (Artificial Intelligence) ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി നൂതന മാര്‍ഗങ്ങളുമായി ഗൂഗിള്‍ (Google) രംഗത്ത്. എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങള്‍ ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും വലിയ രീതിയിൽ പ്രചരിക്കുന്നതിനെ പ്രതിരോധിക്കാനാണ് നീക്കം. പകര്‍പ്പവകാശ ലംഘനങ്ങള്‍ ഒഴിവാക്കുന്നതിനായി മാധ്യമ സ്ഥാപനങ്ങളടക്കം അത്തരം ചിത്രങ്ങളുടെ ഉപയോഗം നിയന്ത്രിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ചില ചിത്രങ്ങളെങ്കിലും എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണോ എന്ന് അറിയാന്‍ വളരെ പ്രയാസമാണ്.

ഇത് എളുപ്പമാക്കാന്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ടെക് ഭീമന്‍ ഗൂഗിള്‍. എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങള്‍ കണ്ടെത്താനും ആവശ്യമെങ്കില്‍ വാട്ടര്‍മാര്‍ക്ക് നല്‍കാനുമാണ് ഗൂഗിളിന്റെ നീക്കം. സിന്ത്ഐഡി (SynthID) എന്ന ഒരു വാട്ടർമാർക്കിംഗ് രീതിയാണ് ഗൂഗിൾ പുതിയതായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്​മൈൻഡ് (DeepMind) ആണ് ഈ ഫീച്ചർ വികസിപ്പിക്കുന്നത്.

സിന്ത്ഐഡി എന്നത് ഒരു ചിത്രത്തിന്റെ പിക്സലുകളിൽ ചേർത്തിട്ടുള്ള ഡിജിറ്റൽ വാട്ടർമാർക്ക് ആണ്. ഇത് മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയില്ല. പക്ഷേ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതിനെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളെ തിരിച്ചറിയാൻ കഴിയും. അതേസമയം, വാട്ടര്‍മാര്‍ക്ക് ചേര്‍ക്കുന്നത് ചിത്രത്തിന്റെ ഗുണമേന്മയെ ബാധിക്കില്ലെന്നും വ്യക്തത കുറയില്ലെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. ഈ ചിത്രങ്ങൾ പിന്നീട് ഗൂഗിളിന്റെ സോഫ്‌റ്റ്‌വെയർ ഉപയോ​ഗിച്ച് തിരിച്ചറിയാൻ കഴിയും. ‌നിലവിൽ സിന്ത്ഐഡി ബീറ്റ ഘട്ടത്തിലാണ്.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ​ഗൂ​ഗിൾ സിന്ത് ഐഡിയിലൂടെ മേൽപറഞ്ഞ ഉറപ്പുകള്‍ പാലിക്കുകയും തെറ്റായ കാര്യങ്ങള്‍ക്കായി എഐ ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ലോകത്തെ സഹായിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.