Chhattisgarh Assembly Elections 2023: നക്‌സല്‍ ഭീഷണിയുള്ള ബസ്തര്‍ അടക്കം 20 മണ്ഡലങ്ങള്‍; ഛത്തീസ്ഗഡ് പോളിംഗ് ബൂത്തിലേക്ക്
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബസ്തര്‍ ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളിലും പോളിങ് ഉദ്യോഗസ്ഥര്‍ എത്തി. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ ബസ്തര്‍ ഡിവിഷനില്‍ നിന്നുള്ള 12 മണ്ഡലങ്ങള്‍ ഉള്‍പ്പടെ ആകെ 20 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നക്‌സല്‍ ഭീഷണിയുള്ള ബസ്തര്‍ ഡിവിഷനിലുള്‍പ്പെടുന്ന ഏഴ് ജില്ലകളിലും മറ്റ് നാല് ജില്ലകളിലുമായാണ് 20 നിയമസഭാ മണ്ഡലങ്ങളുള്ളത്.
ഇതില്‍ അന്തഗഢ്, ഭാനുപ്രതാപൂര്‍, കാങ്കര്‍, കേശ്കല്‍, കൊണ്ഡഗാവ്, നാരായണ്‍പുര്‍, ദന്തേവാഡ, ബിജാപുര്‍, കോണ്ട എന്നീ 12 സീറ്റുകളിലേക്ക് ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ബസ്തര്‍, ജഗദല്‍പുര്‍, ചിത്രകൂട്ട് എന്നീ മൂന്ന് മണ്ഡലങ്ങളിലില്‍ രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് വോട്ടിങ് സമയം. ഛത്തീസ്ഗഢില്‍ 64,523 പോളീങ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്.
Also read-Mizoram Assembly Elections 2023 : മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്: എട്ടര ലക്ഷത്തോളം വോട്ടര്‍മാര്‍ ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്
സംസ്ഥാനത്ത് 5.61 കോടി പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ 2.6 ലക്ഷം പേര്‍ ആദ്യമായി വോട്ടു ചെയ്യാന്‍ പോകുന്നവരാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബസ്തര്‍ ഡിവിഷനില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ബസ്തര്‍ റേഞ്ച് ഐജി സുന്ദരരാജ് പി പറഞ്ഞു. കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളെയും ഡിസ്ട്രിക്ട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ബസ്തര്‍ ഫൈറ്റേഴ്‌സ് (സംസ്ഥാന പോലീസിന്റെ എല്ലാ യൂണിറ്റുകളും), കോബ്ര(സിആര്‍പിഎഫിന്റെ ഭാഗമായ യൂണിറ്റ്) തുടങ്ങിയ പ്രത്യേക സേനകളെ പോളിങ് സ്‌റ്റേഷന്റെയും റോഡുകളുടെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താനവയില്‍ അറിയിച്ചു.
തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവടങ്ങളില്‍ നിന്നുള്ള പ്രത്യേക സേനയും അതിര്‍ത്തി മേഖലകളിൽ സുരക്ഷയൊരുക്കും. നക്‌സല്‍ ബാധിത ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 600-ലധികം പോളിംഗ് സ്റ്റേഷനുകളില്‍ ത്രിതല സുരക്ഷ ഒരുക്കും. നിലവിലെ ഛത്തീസ്ഗഢിലെ ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
Also read-‘കോൺഗ്രസ് ഭരണത്തിൽ ഛത്തീസ്ഗഡിൽ മതപരിവർത്തനം വർധിക്കുന്നു’: ആഞ്ഞടിച്ച് അമിത് ഷാ
2024-ലെ ലോക്‌സഭാ തെരഞ്ഞെപ്പ് മുന്നില്‍ കണ്ടാണ് നീക്കം. ബിജെപിയുടെ 90 സ്ഥാനാര്‍ഥികളില്‍ 33 പേര്‍ ഒബിസി വിഭാഗത്തില്‍ നിന്നാണെന്നും 30 പേര്‍ പേര്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നാമെന്നും പത്ത് പേര്‍ പട്ടിക ജാതി വിഭാഗത്തില്‍നിന്നാണെന്നും ബിജെപിയുടെ മാധ്യമവിഭാഗം ചുമതല വഹിക്കുന്ന അനുരാഗ് അഗര്‍വാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
90 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 33 പേര്‍ പട്ടിക വര്‍ഗത്തില്‍ (എസ്ടി) നിന്നും 29 പേര്‍ ഒബിസി വിഭാഗത്തില്‍ നിന്നും, 10 പേര്‍ പട്ടികജാതി (എസ്സി) വിഭാഗത്തില്‍ നിന്നും 15 പേര്‍ പൊതു വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. ഇത് കൂടാതെ മൂന്ന് പേര്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതിന് പുറമെ 14 സ്ത്രീകളെയും കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നുണ്ട്. നിലവിലെ രണ്ട് എംഎല്‍എമാരെയും പാര്‍ട്ടി വീണ്ടും മത്സരിപ്പിക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലുള്ള 156 പോളിങ് സ്‌റ്റേഷനുകളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് പോളിങ് സാമഗ്രഹികള്‍ എത്തിച്ചത്.