നിലപാട് കടുപ്പിച്ച് റഷ്യയും സൗദിയും, എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷം മുഴുവനും തുടരും


പ്രമുഖ എണ്ണ ഉൽപ്പാദന രാജ്യങ്ങളായ റഷ്യയും സൗദി അറേബ്യയും ഭാഗികമായി എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷവും തുടരും. ആഗോള തലത്തിൽ എണ്ണവില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ഉൽപ്പാദനം വെട്ടിക്കുറയ്ക്കുക എന്ന കർശന നിലപാടിലേക്ക് എത്തിയത്. ഡിമാന്റിലെ കുറവ്, എണ്ണ ഉപഭോഗത്തിലെ കുറവ്, വിലത്തകർച്ച തുടങ്ങിയ കാരണങ്ങൾ മുൻനിർത്തിയാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ഉൽപ്പാദനം കുറയ്ക്കുന്ന നടപടി അടുത്ത മാസം പുനരവലോകനം ചെയ്യുമെന്ന് റഷ്യയും സൗദി അറേബ്യയും അറിയിച്ചിട്ടുണ്ട്.

പ്രതിദിനം ഒരു ലക്ഷം ബാരൽ എണ്ണയുടെ ഉൽപ്പാദനമാണ് സൗദി അറേബ്യ വെട്ടിക്കുറയ്ക്കുക. ഇതോടെ, സൗദി അറേബ്യയുടെ പ്രതിദിന എണ്ണ ഉൽപ്പാദനം 9 ദശലക്ഷം ബാരലായി ചുരുങ്ങും. അതേസമയം, റഷ്യ പ്രതിദിനം 3 ലക്ഷം ബാരൽ എണ്ണയാണ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 98 ഡോളറായി വർദ്ധിച്ചിരുന്നു. നിലവിൽ, ബ്രെന്റ് ക്രൂഡോയിലിന്റെ വില 85 ഡോളറാണ്. ഈ സാഹചര്യത്തിൽ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, 2024-ലും എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.