‘ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദിച്ചു’; ജയിൽ ജീവനക്കാർക്കെതിരെ കുടുംബം


തൃശ്ശൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ ജീവനക്കാർ മർദിച്ചതായി പരാതി. കൊടിസുനിയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കൊടിസുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. സുനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം വിയ്യൂര്‍ സെൻട്രൽ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ കൊടി സുനി ഉൾപ്പടെ പത്ത് തടവുകാർക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ് തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള തടുവകാർക്കെതിരെയാണ് കേസെടുത്തത്.

വിയ്യൂർ ജയിലിൽ കൊടിസുനിയും സംഘവും ജീവനക്കാരെ ആക്രമിച്ചു; അഞ്ച് പേർക്ക് പരിക്ക്

ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥരുടെ ജയില്‍ സന്ദര്‍ശനത്തിനിടെ രണ്ട് തടവുകാര്‍ മട്ടൻ കൂടുതല്‍ അളവില്‍ വേണമെന്ന് ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.

എന്നാൽ അനുവദനീയമായ അളവിൽ കൂടുതൽ മട്ടൻ നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെയാണ് സംഘർഷം തുടങ്ങിയത്. ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം തടവുകാർ ബഹളംവെച്ചെങ്കിലും, ജയിൽ നിയമപ്രകാരം ഇത് അനുവദിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു.