ശ്രീലങ്കയെ 302 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ; ഷമിക്ക് 5 വിക്കറ്റ്| ICC ODI World Cup 2023 India vs Sri Lanka Shami Claims Fifer as india Crush Sri Lanka by 302 Runs – News18 Malayalam


മുംബൈ: ശ്രീലങ്കയെ തകർത്ത് ചാരമാക്കി ഇന്ത്യ ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. ലങ്കയെ 302 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 358 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 19.4 ഓവറിൽ 55 റൺസിന് ഓൾഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്. ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും. തുടര്‍ച്ചയായി ഏഴുമത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെര്‍ത്ത് നഷ്ടമാകില്ല.

മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും മാരക പേസ് ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്ക ചാരമാവുകയായിരുന്നു. ലങ്കയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിറം മങ്ങി. മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഷമി അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്തപ്പോള്‍ സിറാജ് 3 വിക്കറ്റ് നേടി. ബുംറയും ജഡേജയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞു. വെറും 22 റണ്‍സെടുക്കുന്നതിനിടെ ഏഴ് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി. ഇന്ത്യന്‍ പേസര്‍മാരുടെ തീയുണ്ടകള്‍ക്ക് മുമ്പില്‍ ലങ്കന്‍ താരങ്ങള്‍ മുട്ടുമടക്കി. സിറാജും ഷമിയും ബുംറയും മാരക ഫോമില്‍ പന്തെറിഞ്ഞതോടെ തുടക്കത്തില്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചു.

പത്തും നിസ്സങ്ക (0), ദിമുത് കരുണരത്‌നെ (0), സദീര സമരവിക്രമ (0), കുശാല്‍ മെന്‍ഡിസ് (1), ചരിത് അസലങ്ക (1), ദുഷന്‍ ഹേമന്ദ (0) എന്നിവര്‍ യാതൊന്നും ചെയ്യാനാകാതെ മടങ്ങി. ടീം സ്‌കോര്‍ 29ല്‍ എത്തിയപ്പോള്‍ ആകെയുള്ള പ്രതീക്ഷയായ എയ്ഞ്ചലോ മാത്യൂസും പുറത്തായി. 12 റണ്‍സെടുത്ത താരത്തെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ക്രീസിലൊന്നിച്ച മഹീഷ് തീക്ഷണയും കസുന്‍ രജിതയും ചേര്‍ന്ന് ടീം സ്‌കോര്‍ 49ല്‍ എത്തിച്ചു. ഇതോടെ ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടില്‍ നിന്ന് ശ്രീലങ്ക രക്ഷപ്പെട്ടു.

എന്നാല്‍ 14 റണ്‍സെടുത്ത രജിതയെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഷമിയുടെ ഈ ലോകകപ്പിലെ രണ്ടാം 5 വിക്കറ്റ് നേട്ടമാണിത്. ഇതോടെ വെറും മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്താനും ഷമിയ്ക്ക് സാധിച്ചു. പിന്നാലെ മധുശങ്കയെ പുറത്താക്കി ജഡേജ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തിരുന്നു. ഓപ്പണർ ശുഭ്മൻ ഗിൽ 92 പന്തിൽ 92 റൺസും വിരാട് കോഹ്ലി 94 പന്തിൽ 88 റൺസും നേടി പുറത്തായി. 56 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 82 റൺസെടുത്തു. ശ്രീലങ്കയ്ക്കായി ദിൽഷൻ മദുഷംഗ 5 വിക്കറ്റുകൾ വീഴ്ത്തി.