ക്രാഷ് ടെസ്റ്റ് റേറ്റിംഗ് സംവിധാനവുമായി ഹ്യുണ്ടായ് എത്തുന്നു! ഇനി മാർക്ക് നോക്കി വാഹനം വാങ്ങാൻ തയ്യാറായിക്കോളൂ…
വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ വളരെയധികം പ്രാധാന്യം നൽകുന്ന മാനദണ്ഡങ്ങളിൽ ഒന്നാണ് സുരക്ഷ. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ രാജ്യത്ത് അടുത്തിടെ ക്രാഷ് ടെസ്റ്റിംഗ് റേറ്റിംഗ് സംവിധാനം നടപ്പാക്കിയിരുന്നു. ഈ സംവിധാനം പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്. ആദ്യ ഘട്ടത്തിൽ ക്രാഷ് ടെസ്റ്റിനായി 3 കാറുകളാണ് ഹ്യുണ്ടായ് തിരഞ്ഞെടുക്കുക. ക്രാഷ് ടെസ്റ്റിന് തിരഞ്ഞെടുക്കുന്ന മോഡലുകൾ ക്രസ്റ്റ്, എക്സ്റ്റർ, ഐ20 എന്നിവയാകാനാണ് സാധ്യത. നിലവിൽ, ഇത് സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തലുകൾ കമ്പനി നടത്തിയിട്ടില്ല.
സുരക്ഷയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന കമ്പനിയാണ് ഹ്യുണ്ടായ്. 13 മോഡലുകളാണ് ഹ്യുണ്ടായ് ഇന്ത്യൻ വിപണിയിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. കാറുകൾക്ക് അഡൾട്ട് ഒക്യുപ്മെന്റ് പ്രൊട്ടക്ഷനിൽ (എഒപി) 27 പോയിന്റും, ചൈൽഡ് ഒക്യുപ്മെന്റ് പ്രൊട്ടക്ഷനിൽ (സിഒപി) 41 പോയിന്റും നേടേണ്ടതുണ്ട്. മിനിമം 3 സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിക്കുന്നതിനായി കാറുകളിൽ 6 എയർബാഗുകൾ, ഇ.എസ്.സി, കാൽനട സംരക്ഷണത്തിന് അനുയോജ്യമായ ഫ്രണ്ട് ഡിസൈൻ, മുൻ സീറ്റുകൾക്ക് സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.