പ്ലേ സ്റ്റോറിൽ നിന്നും വിപിഎൻ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരാണോ? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..


ഇന്റർനെറ്റിൽ നിലനിൽക്കുന്ന വിവിധ തരത്തിലുള്ള വിലക്കുകൾ മറികടക്കാൻ വിപിഎൻ ആപ്പുകൾ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. വിപിഎൻ സേവനങ്ങൾ നൽകുന്ന പല ആപ്പുകളും സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താതെയാണ് അധിക ആളുകളും അവ ഡൗൺലോഡ് ചെയ്യുന്നത്. അതിനാൽ, വിപിഎൻ ആപ്പുകളുടെ സുരക്ഷിതത്വം എത്രത്തോളമുണ്ടെന്ന് ഉപഭോക്താക്കളെ അറിയിക്കാൻ പുതിയൊരു ഫീച്ചറിന് രൂപം നൽകാൻ ഒരുങ്ങുകയാണ് ഗൂഗിൾ പ്ലേ സ്റ്റോർ. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

വിപിഎൻ ആപ്പുകൾ വിശ്വാസയോഗ്യമാണോ എന്ന് ഉറപ്പുവരുത്താൻ പ്രത്യേക ബാനർ പ്രദർശിപ്പിക്കാനാണ് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ തീരുമാനം. ആപ്പുകൾ സ്വതന്ത്ര സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന ലേബൽ ബാനറുകളിൽ ഉൾപ്പെടുത്തുന്നതാണ്. ഉപഭോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ വിപിഎൻ ആപ്പുകൾ തിരയുമ്പോൾ, പ്ലേ സ്റ്റോറിന് മുകളിലായി ഒരു ബാനർ കാണാൻ സാധിക്കും. അവിടെ ‘ലേൺ മോർ’ ടാപ്പ് ചെയ്താൽ വാലിഡേഷൻ ഡയറക്ടറിയിലേക്ക് പോകുകയും, തുടർന്ന് സ്വതന്ത്ര സുരക്ഷാ പരിശോധനയ്ക്ക് വിധേയമായിട്ടുള്ള എല്ലാ വിപിഎൻ ആപ്പുകളുടെ ലിസ്റ്റും കാണാൻ സാധിക്കും.

പരിശോധനയുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിവരങ്ങളും ആപ്പ് വാലിഡേഷൻ ഡയറക്ടറിയിൽ ഉപഭോക്താക്കൾക്ക് കാണാനാകും. അതുകൊണ്ടുതന്നെ ഏത് ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാൻ കഴിയുന്നതാണ്. നിലവിൽ, നോർഡ് വിപിഎൻ, ഗൂഗിൾ വൺ, എക്സ്പ്രസ് വിപിഎൻ തുടങ്ങിയ ആപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.