ഇന്ത്യൻ വാഹന വിപണിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ വിയറ്റ്നാം വൈദ്യുത വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഓട്ടോ. നിക്ഷേപ പദ്ധതി വിജയകരമാകുന്നതോടെ, ഇന്ത്യയിൽ വിപണി സ്ഥാപിക്കുന്ന ആദ്യ വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായി വിൻഫാസ്റ്റ് ഓട്ടോ മാറും. ഗുജറാത്തിലോ തമിഴ്നാട്ടിലോ ഫാക്ടറി നിർമ്മിക്കാനാണ് വിൻഫാസ്റ്റിന്റെ നീക്കം. അടുത്ത വർഷം മുതൽ കമ്പനി ബിസിനസ് വിപുലീകരണം അടക്കമുള്ള നടപടികൾക്ക് തുടക്കമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യ ഉൾപ്പെടെയുള്ള പുതിയ വിപണികളിൽ സാന്നിധ്യം ശക്തമാക്കുന്നത്.
പ്രമുഖ അമേരിക്കൻ വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ എതിരാളി എന്ന വിശേഷണമുള്ള കമ്പനി കൂടിയാണ് വിൻഫാസ്റ്റ് ഓട്ടോ. 2017-ൽ സ്ഥാപിതമായ ഈ കമ്പനി വിൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ വർഷം ജൂൺ 30 വരെയുള്ള കണക്കുകൾ അനുസരിച്ച്, കമ്പനി ഇതുവരെ 18,700 വൈദ്യുത വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ മാസം ലോകത്തെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കാർ നിർമ്മാതാക്കളായി വിൻഫാസ്റ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്.