ഇന്ത്യൻ വാഹന വിപണിക്ക് കരുത്ത് പകരാൻ ടെസ്‌ല എത്തുന്നു, അടുത്ത വർഷം മുതൽ പ്രവർത്തനം ആരംഭിക്കാൻ സാധ്യത


ഇന്ത്യൻ വാഹന വിപണിക്ക് കൂടുതൽ കരുത്ത് പകരാൻ പ്രമുഖ അമേരിക്കൻ വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല എത്തുന്നു. അടുത്ത വർഷം ആദ്യം ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനാണ് ടെസ്‌ലയുടെ തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുടെ അനുമതികൾ അതിവേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതോടെ, രാജ്യത്തെ വൈദ്യുത വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

രാജ്യത്ത് വൈദ്യുത വാഹന നിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനായി ടെസ്‌ല ഉൾപ്പെടെയുള്ള ആഗോള കമ്പനികളുടെ നിക്ഷേപ അപേക്ഷകളിൽ തീരുമാനം എടുക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെയും, ഹെവി ഇൻഡസ്ട്രീസ്, ഇലക്ട്രോണിക്സ്, ഐടി വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

നിലവിലെ സാഹചര്യത്തിൽ വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്രം ചുമത്തുന്ന ഉയർന്ന നികുതിയാണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവിന് തടസ്സം സൃഷ്ടിക്കുന്ന പ്രധാന ഘടകം. അതിനാൽ, വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി നികുതി 40 ശതമാനത്തോളം കുറയ്ക്കണമെന്നാണ് ടെസ്‌ലയുടെ ആവശ്യം. ഇന്ത്യൻ വാഹന വിപണിയിൽ വൈദ്യുത വാഹനങ്ങൾക്ക് ഡിമാൻഡ് ഉയർന്നതാണ് ടെസ്‌ലയെ രാജ്യത്തേക്ക് ആകർഷിച്ച പ്രധാന കാരണം.