മാക്‌സ്‌വെൽ ഏകാംഗ ടീം; റൺചേസിൽ ഏറ്റവും ഉയർന്ന വ്യക്തിഗത റെക്കോർഡ്


ഗ്ലെൻ മാക്‌സ്‌വെൽ.. ചൊവ്വാഴ്ച മുംബൈയിൽ നടന്ന ഓസ്ട്രേലിയ – അഫ്​ഗാനിസ്ഥാൻ ഏകദിന ലോകകപ്പ് മത്സരത്തിലെ ഒറ്റയാൾ പോരാളി. അഫ്​ഗാനെതിരെ തോൽവി ഉറപ്പിച്ച ഓസ്ട്രേലിയയെ ഡബിൾ സെഞ്ച്വറി അടിച്ച് വിജയത്തിലേയ്ക്ക് നയിച്ച മാക്സ്വെല്ലിനെ ക്രിക്കറ്റ് ആരാധകർ ഒരിയ്ക്കലും മറക്കില്ല. ഇതോടെ റൺചേസിൽ ഏറ്റവും ഉയർന്ന വ്യക്തിഗത റെക്കോർഡും മാക്‌സ്‌വെൽ സ്വന്തമാക്കി.

അഫ്ഗാനിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ ഏകദിന മത്സരത്തിനിടെ തോൽവി ഉറപ്പിച്ച ടീമിനെ ഗ്ലെൻ മാക്‌സ്‌വെൽ പുറത്താകാതെ 201 റൺസ് അടിച്ചുകൂട്ടിയാണ് വിജയത്തേരിലേറ്റിയത്. 2023 ലോകകപ്പിൽ ഒരു ഓസ്‌ട്രേലിയൻ ബാറ്റർ ആദ്യമായി നേടിയ ഇരട്ട സെഞ്ച്വറി കൂടിയാണിത്. മാക്സ്വെല്ലിന്റെ മികച്ച പ്രകടനം അഫ്ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയയെ സെമിഫൈനലിൽ എത്തിച്ചു. ഇതോടെ ലോകകപ്പിൽ ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി മാക്സ്വെൽ മാറി.

വെറും 91 റൺസിന് ഓസ്ട്രേലിയയുടെ ഏഴ് വിക്കറ്റാണ് അഫ്ഗാനിസ്ഥാൻ വീഴ്ത്തിയത്. എന്നാൽ അടുത്ത ഊഴം മാക്സ്വെല്ലിന്റേതായിരുന്നു. മാക്സ്വെൽ – പാറ്റ് കമ്മിൻസിന് കൂട്ടുകെട്ട് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ കൂട്ടുകെട്ടായും മാറി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 170 പന്തിൽ 193 റൺസ് നേടിയ പാകിസ്ഥാൻ താരം ഫഖർ സമാനാണ് മുമ്പ് ഏകദിനത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഏറ്റവും മികച്ച സ്‌കോർ നേടിയ താരം. 2011ൽ ബംഗ്ലാദേശിനെതിരെ നേടിയ 185 റൺസാണ് ഏകദിനത്തിൽ ഓസ്‌ട്രേലിയയുടെ ഇതിനുമുമ്പത്തെ ഏറ്റവും മികച്ച പ്രകടനം.

1983ൽ ടൺബ്രിഡ്ജ് വെൽസിൽ സിംബാബ്‌വെയ്‌ക്കെതിരെ 175 റൺസ് നേടിയ കപിൽ ദേവിന്റെ പ്രകടനത്തോട് മാറ്റുരയ്ക്കുന്നതായിരുന്നു മാക്സ്വെല്ലിന്റെ ഈ പ്രകടനം.